'ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല'; വിവാദ സെലിബ്രേഷനില്‍ പ്രതികരിച്ച് പാക് താരം ഫര്‍ഹാന്‍

വിവാദമായ സെലിബ്രേഷനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫര്‍ഹാന്‍

'ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല'; വിവാദ സെലിബ്രേഷനില്‍ പ്രതികരിച്ച് പാക് താരം ഫര്‍ഹാന്‍
dot image

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഫിഫ്റ്റിയടിച്ചതിന് ശേഷം പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ സെലിബ്രേഷന്‍ ചര്‍ച്ചയായിരുന്നു. അര്‍ധസെഞ്ച്വറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ ഫര്‍ഹാന്‍ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ വിവാദമായ സെലിബ്രേഷനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫര്‍ഹാന്‍. മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ സെലിബ്രേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. മനസില്‍ തോന്നിയത് ചെയ്തതാണെന്നും ആളുകള്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു ഫര്‍ഹാന്റെ മറുപടി.

'ആ സമയത്ത് അത് ആഘോഷം മാത്രമായിരുന്നു. 50 റണ്‍സ് നേടിയതിന് ശേഷം ഞാന്‍ അധികം ആഘോഷങ്ങള്‍ നടത്താറില്ല. പക്ഷേ ഇന്ന് നമുക്ക് ഒരു ആഘോഷം നടത്താമെന്ന് പെട്ടെന്ന് എന്റെ മനസില്‍ വന്നു', ഫര്‍ഹാന്‍ പറഞ്ഞു.

'ഞാന്‍ അങ്ങനെ ചെയ്തു. ആളുകള്‍ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അത് കാര്യമാക്കുന്നുമില്ല. നിങ്ങള്‍ എവിടെ ക്രിക്കറ്റ് കളിച്ചാലും ആക്രമിച്ച് കളിക്കണം. അത് ഇന്ത്യയോട് തന്നെ ആയിരിക്കണമെന്നില്ല. ഇന്ന് നമ്മള്‍ കളിച്ചതുപോലെ എല്ലാ ടീമിനെതിരെയും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം' ഫര്‍ഹാന്‍ മറുപടി നല്‍കി.

Content Highlights: Asia Cup: Pakistan Star Sahibzada Farhan Breaks Silence On Fifty Celebration Against India

dot image
To advertise here,contact us
dot image