
അടിതെറ്റിയാല്‍ ആനയും വീഴും എന്നുപറയുന്നത് പോലെ മഴ പെയ്താല്‍ ഇന്ത്യന്‍ റോഡില്‍ ലംബോര്‍ഗിനിയും തെന്നും. മുംബൈയിലെ തീരദേശ പാതയിലൂടെ അതിവേഗം കുതിക്കുകയായിരുന്ന ലംബോര്‍ഗിനി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചുകയറുന്ന വീഡിയോ തരംഗമാവുകയാണ്. മഴപെയ്ത് റോഡ് മുഴുവന്‍ നനഞ്ഞുകിടന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വാഹനം ഓടിച്ചയാള്‍ക്ക് പരിക്കൊന്നുമില്ലെന്നാണ് വിവരം. അതിഷ് ഷായെന്ന ആളാണ് വാഹനം ഓടിച്ചിടിരുന്നത്. ഇയാള്‍ ദക്ഷിണ മുംബൈയിലെ കൊളാബയിലേക്ക് പോവുകയായിരുന്നു.
കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ സ്‌കിഡ് ആവുകയും ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ കിടന്ന് കറങ്ങുന്നതും വീഡിയോയില്‍ കാണാം. 4-5 കോടി രൂപ വിലവരുന്ന ആഡംബരവാഹനമാണ് ലംബോര്‍ഗിനി. അപകടത്തില്‍ കാറിന്റെ മുന്‍വശത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറിന് എന്തെങ്കിലും സാങ്കേ്തിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനായി പൊലീസ് ആര്‍ടിഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമിതവേഗതയില്‍ കാര്‍ ഓടിച്ചതിന് ഷായ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നിരുന്നാലും ലംബോര്‍ഗിനി അപകടത്തില്‍ പെടുന്ന വീഡിയോ വൈറലായതോടെ ലംബോര്‍ഗിനി ഉറപ്പുനല്‍കുന്ന സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മറ്റൊരു ദിവസം മറ്റൊരു ലംബോര്‍ഗിനി അപകടം എന്ന കുറിപ്പോടെ ഗൗതം സിംഘാനിയ എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ കാറിന് ട്രാക്ഷന്‍ കണ്‍ട്രോള്‍ ഉണ്ടോയെന്ന് ഗൗതം ചോദിക്കുന്നു. വാഹനം തീപിടിക്കുന്നത് തടയാനോ, ഗ്രിപ്പ് നഷ്ടപ്പെടുന്നത് പരിഹരിക്കാനോ എന്തുകൊണ്ട് കഴിയുന്നില്ലെന്നും ഈയിടെയായി എന്താണ് ലംബോര്‍ഗിനിക്ക് സംഭവിക്കുന്നതെന്നും ഗൗതം ചോദിക്കുന്നു.
എന്നാല്‍ പലരും ഇത്രയേറെ നനഞ്ഞുകിടക്കുന്ന റോഡിലൂടെ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറെയാണ് കുറ്റപ്പെടുത്തുന്നത്. കാറിനെ കുറ്റം പറയുന്നതിന് മുന്‍പ് എന്താണ് ജലപാളി പ്രവര്‍ത്തനം (അക്വാപ്ലാനിങ്) എന്ന് മനസ്സിലാക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. വാഹനത്തിനും റോഡിനും ഇടയിലായി ജനത്തിന്റെ ഒരു പാളി സൃഷ്ടിക്കപ്പെടും. തന്മൂലം വാഹനത്തിന്റെ ടയറിന് ഗ്രിപ്പ് നഷ്ടപ്പെട്ട് ഒരു കണ്ണാടിയിലെന്ന പോലെ തെന്നി നീങ്ങുകയും ചെയ്യുന്ന പ്രതിഭാസമാണ് വാട്ടര്‍പ്ലാനിങ്. പഴകി മൊട്ടയായ ടയറുകള്‍ക്ക് നനഞ്ഞ റോഡില്‍ ഗ്രിപ്പ് കിട്ടില്ലെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കുറഞ്ഞത് 2 എംഎം ത്രെഡെങ്കിലും ടയറുകള്‍ക്ക് ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള നനഞ്ഞ ഇന്ത്യന്‍ റോഡിന് പറ്റിയ ടയറല്ല ലംബോര്‍ഗിനിയുടേത് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights: Lamborghini Crashes into Coastal Road Divider, Driver Escapes Unhurt