
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ ആണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. അവസാനമിറങ്ങിയ ഹൃദയപൂര്‍വ്വം ഉള്‍പ്പെടെ ഇരുപത് സിനിമകള്‍ക്കാണ് ഈ കോമ്പോ ഒന്നിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിൻ്റെ സിനിമാ മോഹത്തെക്കുറിച്ച് മനസു തുറക്കുകയാണ് സത്യന്‍ അന്തിക്കാട്. ചെറിയ സിനിമകള്‍ ചെയ്യാനാണ് മോഹന്‍ലാലിന് ആഗ്രഹമെന്നും തമിഴിലെ കേഡി, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകള്‍ അദ്ദേഹം തനിക്ക് അയച്ചു തരാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസുതുറന്നത്.
'മമ്മൂട്ടിക്കും മോഹൻലാലിനും അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല. ഹൃദയപൂര്‍വ്വത്തിന്റെ സമയത്ത് ലാല്‍ എന്നോട് നമുക്കിനിമുതല്‍ ചെറിയ സിനിമകള്‍ ചെയ്യണം എന്ന് പറഞ്ഞു. തമിഴിലെ കേഡി എന്ന സിനിമയൊക്കെ ലാല്‍ എനിക്ക് അയച്ചു തന്നു. ടൂറിസ്റ്റ് ഫാമിലി പോലത്തെ ചെറിയ സിനിമകള്‍ ചെയ്യണമെന്ന് ലാല്‍ എന്നോട് പറഞ്ഞു. ഇനിയും ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിൻ്റെ ഉള്ളില്‍ വരുകയാണ്. അതാണ് അവരെ നിലനിര്‍ത്തുന്നത്. കുറേ സിനിമകള്‍ ചെയ്യുകയും കുറേ പൈസ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ സിനിമയോടുള്ള ക്രേസ് പലര്‍ക്കും പോകും. അത് പോകാത്തതുകൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നും ഇതുപോലെ നില്‍ക്കുന്നത്, സത്യന്‍ അന്തിക്കാടിൻ്റെ വാക്കുകള്‍.
അതേസമയം, ഹൃദയപൂര്‍വ്വം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്.
തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlights: Sathyan Anthikad about Mohanlal