നിത്യവും പ്രാതല്‍ ഒഴിവാക്കുന്നത് 'പഞ്ചസാര'ക്കൊതിയനാക്കുമോ? ആരോഗ്യ പ്രശ്‌നങ്ങളും കാത്തിരിക്കുന്നുണ്ട്..

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ചിലര്‍ക്ക് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇപ്രകാരം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

നിത്യവും പ്രാതല്‍ ഒഴിവാക്കുന്നത് 'പഞ്ചസാര'ക്കൊതിയനാക്കുമോ? ആരോഗ്യ പ്രശ്‌നങ്ങളും കാത്തിരിക്കുന്നുണ്ട്..
dot image

രു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ എല്ലായ്‌പ്പോഴും നിര്‍ദേശിക്കാറുമുണ്ട്. പക്ഷെ പലപ്പോഴും തിരക്കിനിടയില്‍, അല്ലെങ്കില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഭാഗമായോ പ്രഭാത ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നവരാണ് എല്ലാവരും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ചിലര്‍ക്ക് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇപ്രകാരം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചില്‍ മുതല്‍ തുടങ്ങും പ്രശ്‌നങ്ങള്‍. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ആദ്യമുണ്ടാകുന്ന പ്രധാന പ്രശ്‌നം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയും എന്നുള്ളതാണ്. ഇത് തളര്‍ച്ചയിലേക്ക് നയിക്കും. ഒന്നിനും ഉന്മേഷം തോന്നില്ലെന്ന് മാത്രമല്ല, ഒരു കാര്യത്തിലും ശ്രദ്ധയും ലഭിക്കില്ല. പതിയെ പതിയെ ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിലേക്ക് നയിക്കുകയും ചെയ്യും.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത് മധുര ആഹാരപദാര്‍ഥങ്ങളോടുള്ള അമിതമായ ആസക്തിയിലേക്ക് നയിച്ചേക്കാം. വിശപ്പും ഭക്ഷണത്തോടുള്ള കൊതിയും വര്‍ധിക്കും. ഒഴിവാക്കിയ പ്രഭാത ഭക്ഷണവും കൂടെ ചേര്‍ത്തായിരിക്കും പിന്നീട് ഭക്ഷണം കഴിക്കുക. പതിയെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്കും മധുരം കഴിക്കുന്ന ശീലത്തിലേക്കും എത്തപ്പെട്ടേക്കാം.

എണ്ണ അടിച്ചില്ലെങ്കില്‍ വാഹനം ഓടില്ലെന്ന് പറയുന്നത് പോലെ പ്രഭാത ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അന്നത്തെ ദിവസത്തിന് ആവശ്യമായ ഇന്ധനം ലഭിക്കാതെ വരും. ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉല്പാദനക്ഷമത ഇല്ലാതിരിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക. വിദ്യാര്‍ഥികളാണെങ്കില്‍ ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങും.

ഉന്മേഷക്കുറവും തളര്‍ച്ചയും മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തെയും പ്രഭാതഭക്ഷണം സ്വാധീനിക്കുന്നുണ്ട്. പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കാര്‍ഡിയോവസ്‌കുലര്‍ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് പ്രഭാതഭക്ഷണത്തോടെയാണ്. ഇത് ഒഴിവാക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ മെല്ലെയാക്കും. കാലറി എരിച്ചുകളയുന്നതും അതിനൊപ്പം മെല്ലെയാകും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

പ്രഭാതഭക്ഷണം മാനസികാരോഗ്യത്തിനും പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് സമ്മര്‍ദം, ആശങ്ക, ഉത്കണ്ഠ, പ്രകോപന സാധ്യത എന്നിവയെയും ട്രിഗര്‍ ചെയ്യും. മൂഡ് സ്വിങ്ങ്‌സ് വര്‍ധിക്കും. എന്ത് സംഭവിച്ചാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത് എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ..ഇനി നിങ്ങള്‍ തീരുമാനിക്കൂ.

Content Highlights: What will happen to your body if you skip breakfast

dot image
To advertise here,contact us
dot image