
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർതാരമാണ് പവൻ കല്യാൺ. പവർ സ്റ്റാർ എന്നാണ് താരത്തിനെ തെലുങ്ക് ആരാധകർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആയിരുന്നു. നിരവധി സിനിമാതാരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ നടൻ നിവിൻ പോളിയുടെ പിറന്നാൾ ആശംസകൾക്ക് പവൻ കല്യാൺ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. നിങ്ങളുടെ കഥാപാത്രങ്ങൾക്ക് നിങ്ങൾ നൽകുന്ന ഊഷ്മളതയെ ഞാൻ എപ്പോഴും ആരാധിച്ചിട്ടുണ്ട് പ്രത്യേകിച്ചും ഓം ശാന്തി ഓശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങൾ', എന്നാണ് പവൻ കല്യാൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'പിറന്നാൾ ആശംസകൾ. താങ്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിലൂടെ നിങ്ങൾക്ക് ഇനിയും മാറ്റമുണ്ടാക്കാൻ കഴിയട്ടെ', എന്നായിരുന്നു നിവിൻ പോളിയുടെ പോസ്റ്റ്.
സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന 'ഒജി' ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. വലിയ പ്രതീക്ഷയോടെയാണ് പവൻ കല്യാൺ ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്. ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Dear @NivinOfficial, thank you so much for your warm wishes. I’ve always admired the warmth you bring to your roles, especially your performances in Om Shanti Oshaana and Premam. https://t.co/nxXjXtX5Vj
— Deputy CMO, Andhra Pradesh (@APDeputyCMO) September 2, 2025
പ്രിയങ്ക മോഹൻ ആണ് സിനിമയിലെ നായിക. രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും.
Content Highlights: Pawan Kalyan is a fan of nivin pauly films