'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്ത് വിട്ടു, കൃഷ്ണകുമാറിനെതിരെ പൊലീസ് കേസെടുക്കണം': സന്ദീപ് വാര്യര്‍

കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. കേസിൽ കൃഷ്ണകുമാറിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും സന്ദീപ് വാര്യര്‍

'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്ത് വിട്ടു, കൃഷ്ണകുമാറിനെതിരെ പൊലീസ് കേസെടുക്കണം': സന്ദീപ് വാര്യര്‍
dot image

കാസർകോട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യുവതി തന്റെ എല്ലാ സ്വകാര്യതയും നിലനിർത്താനാണ് ഇമെയിൽ മുഖേന ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി നൽകിയത്. എന്നാൽ ആരോപണ വിധേയനായ സി. കൃഷ്ണകുമാർ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും ഇത് നിയമ ലംഘനമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഒരു സ്ത്രീയും തനിക്കെതിരെ പരാതി പറയാൻ വരരുത് എന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണകുമാർ യുവതിയുടെ വിവരം പരസ്യമായി വെളിപ്പെടുത്തിയത്. അതിജീവിതയുടെ വിശദാംശം പുറത്തുവിട്ട കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മിനി കൃഷ്ണകുമാറിന്റെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി പോയത്. എന്നാൽ സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ് ഉള്ളത്. ലൈംഗിക പീഡന കേസിൽ കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേസിൽ കൃഷ്ണകുമാറിനെതിരെ 2025 ഏപ്രിൽ മാസത്തിൽ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടിരുന്നു. പാലക്കാട് എസ് പി ഓഫീസിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. അത് മറച്ചുവെച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ആർഎസ്എസ് മുൻ പ്രാന്ത കാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർക്ക് കാര്യങ്ങൾ എല്ലാം അറിയാം. അതിജീവിത നേരിട്ട ദുരനുഭവം അദ്ദേഹത്തിനു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ശോഭാ സുരേന്ദ്രനും എം ടി രമേശിനും ഈ വിഷയം അറിയാം. ശോഭാ സുരേന്ദ്രൻ അതിജീവിതയുമായി സംസാരിച്ചിട്ടുണ്ട്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അതിജീവിതയ്ക്കും മാതാവിനും നേരെ ആക്രമണം ഉണ്ടായപ്പോൾ ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണ്. നെഞ്ചത്ത് കൈവെച്ച് ഇവർക്കൊന്നും ഇത് നിഷേധിക്കാനാവില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേസമയം പുറത്ത് നിന്ന് വന്ന പരാതികളല്ല ഇതെന്നും കുടുംബത്തിന്റെ ഉള്ളിൽ നിന്ന് വന്ന പരാതിയാണെന്നും സന്ദീപ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കയ്യിലിരിപ്പിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ ഒരു പരാതി ഉണ്ടായതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാറിനെതിരെ മുമ്പും പല തവണ പരാതികൾ ഉയർന്നതാണ്. എന്നാൽ അന്ന് അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു വിഭാഗം ഉണ്ടായത് കൊണ്ടാകാം അതെല്ലാം തള്ളിപോയത്. കേരള ബ്രിജ് ഭൂഷൺ ആണ് കൃഷ്ണകുമാർ. വെണ്ണക്കരയിൽ ഉണ്ടായ സംഭവം എന്താണ്. എന്തിനാണ് കൃഷ്ണകുമാറിന്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിൽ എത്തിയതെന്നും വെണ്ണക്കരയിലും കൊടുങ്ങല്ലൂരിലും നടന്ന സംഭവങ്ങൾ എല്ലാവർക്കും അറിയാമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ആരോപണം വന്നപ്പോൾ നടപടി എടുത്ത് മാതൃക കാട്ടിയവരാണ് കോൺഗ്രസ്. എന്നാൽ പരാതി നേരിട്ട് ലഭിച്ചിട്ടും കൃഷ്ണകുമാറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ വികൃതമാവുക രാജീവ് ചന്ദ്രശേഖരിന്റെയും സഹഭാരവാഹികളുടെയും മുഖമാണെന്നും സന്ദീപ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനിയായ യുവതി സി കൃഷ്ണകുമാറിനെതിരെ പരാതി നൽകിയത്.

എന്നാൽ തനിക്കെതിരായ പരാതി തള്ളി രംഗത്ത് വന്ന സി കൃഷ്ണകുമാർ, കോടതി തള്ളിയ പരാതിയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയർത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞിരുന്നു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വത്ത് തർക്കത്തിന്റെ ഭാഗമായി ഉയർന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികൾ നൽകിയവർക്കെതിരെയും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ ബിജെപിയിൽ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയർത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിർകക്ഷിയുടെ അഭിഭാഷകൻ എന്നും സി കൃഷ്ണകുമാർ പറഞ്ഞിരുന്നു.

Content Highlights: Congress Leader Sandeep Varier Against Bjp leader C Krishnakumar

dot image
To advertise here,contact us
dot image