
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചെതേശ്വർ പുജാര കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പുജാര. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി എന്താണോ ചെയ്തത് അത് തന്നെയാണ് പുജാരയും ചെയ്തിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ആശ് കി ബാത്തിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.
' ഇന്ത്യൻ ക്രിക്കറ്റിൽ പുജാര എവിടെയാണ് നിൽക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അത്രയും തന്നെ അവൻ ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ അത്ര അറ്റെൻഷൻ അവന് ലഭിക്കാറില്ല. എല്ലാ കളിക്കാർക്കും ശ്രദ്ധ ലഭിച്ചെന്ന് വരില്ല. അതിനർത്ഥം അവരുടെ സംഭാവന കുറവാണെന്നല്ല.
വിശ്വസിച്ചാലും ഇല്ലെങ്കിലും, മൂന്നാം നമ്പറിൽ പൂജാരയുടെ സംഭാവനയാണ് വിരാട് കോഹ്ലിയുടെ ടെസ്റ്റ് റൺസിന് സഹായിച്ചത്,' അശ്വിൻ പറഞ്ഞു.
2018-19 സീസണിലെ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രകടനത്തിന് ശേഷം താൻ പുജാരയെ വൈറ്റ് വാക്കർ എന്നാണ് വിളിച്ചിരുന്നത് എന്നും അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights- R ashwin says Pujara was instrumental for virat kohlis test runs