
തിരുവനന്തപുരം: 'സിപിഐഎം കോഴിഫാം' എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു.
ഇതിന് മറുപടിയെന്നോളമാണ് പോസ്റ്ററുമായുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുകേഷിന്റെ രാജി ആദ്യം എഴുതി വാങ്ങണമെന്നും എന്നിട്ട് ധാർമികത പഠിപ്പിക്കാൻ വരണമെന്നും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ക്ലിഫ് ഹൗസിലിട്ട് മുകേഷിനെ വളർത്തിയത് പിണറായിയാണ്. മുകേഷിനെതിരെ പരാതിയുണ്ട്. എസ്എഫ്ഐ എന്തുകൊണ്ട് മുകേഷിന്റെ വീട്ടിലേക്ക് പോയില്ലെന്നും രാഷ്ട്രീയമായി കോൺഗ്രസിനെ തകർക്കാമെന്ന് കരുതേണ്ടെന്നും നേമം ഷജീർ പ്രതികരിച്ചു.
അതേസമയം, സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സിപിഐഎമ്മുകാർ ഇക്കാര്യത്തിൽ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാർത്ത വരുമെന്നും സതീശൻ പറഞ്ഞു. 'സിപിഐഎമ്മുകാർ അധികം കളിക്കരുത് ഇക്കാര്യത്തിൽ. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാൻ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ', വി ഡി സതീശൻ പറഞ്ഞു.
കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താൻ ആവശ്യം വരുമെന്നും വി ഡി സതീശൻ വിമർശിച്ചു.
'ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളിൽ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോൾ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ', എന്നാണ് വി ഡി സതീശൻ പറഞ്ഞത്.
സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിൽ മറുപടിയില്ല. കേരളത്തിലെ സിപിഐഎം നേതാക്കന്മാർക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയർന്നു. അത് ചർച്ച ചെയ്തില്ല. മറച്ചുവെച്ചു. രാഹുലിനെതിരെ കോൺഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസിൽ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ്പ് കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ അങ്ങോട്ട് ലൈംഗികാരോപണക്കേസിൽ പ്രതികളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവർത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാർട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങൾ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകൾ പറയുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlights: Youth Congress organizes march to Cliff House with poster