'ലോക' കാണാൻ ടിക്കറ്റ് എടുക്കാൻ പോകുകയാണോ?, എന്നാൽ ഈ സ്‌ക്രീനുകളാണ് ഏറ്റവും നല്ലത്

തിരുവനന്തപുരം ഐമാക്സ് സ്ക്രീനിലും ലോക ചാർട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും ഫ്ലാറ്റ് സ്ക്രീനില്‍ സിനിമ ആസ്വദിക്കാനാകും

dot image

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പതിവ് രീതിയിൽ നിന്നുമാറി ഫ്ലാറ്റ് സ്ക്രീനിലാണ് ലോക പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

എന്താണ് ഫ്ലാറ്റ് സ്ക്രീൻ സിനിമകൾ? സിനിമ പ്രദർശിപ്പിക്കുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞ് നിൽക്കുന്ന തരം വിഷ്വൽ രീതിയാണ് ഇവ. അതായത് സാധാരണയായി ഒരു സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ മുകളിലും താഴെയുമായി കാണപ്പെടുന്ന ബ്ലാക്ക് ബാറുകൾ ലോകയ്ക്ക് ഉണ്ടാകില്ല. പക്ഷെ ഫ്ലാറ്റ് സ്ക്രീൻ അല്ലാത്ത സ്കോപ്പ് തിയേറ്ററുകളിൽ എല്ലാം സ്‌ക്രീനിന്റെ ഇരുവശത്തുമായി ബ്ലാക്ക് ബാറുകൾ ഉള്ള രീതിയിലാകും ലോക പ്രദർശിപ്പിക്കപ്പെടുക. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും സ്കോപ്പ് സ്ക്രീനുകൾ ആയതിനാൽ ലോക കാണാനായി പോകുന്നവർ ഫ്ലാറ്റ് സ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം.

കേരളത്തിൽ പിവിആർ ഫോറം മാൾ PXL സ്ക്രീൻ, EPIQ സ്ക്രീൻ പലാക്സി കോഴിക്കോട്, സിഗ്നേച്ചർ സ്ക്രീൻ പലാക്സി കോഴിക്കോട്, സ്ക്രീൻ 1 ഫോറം മാൾ കൊച്ചി, സ്ക്രീൻ 6 ഫോറം മാൾ കൊച്ചി, ലക്സ് സ്ക്രീൻ 8 ഫോറം മാൾ കൊച്ചി, ലക്സ് സ്ക്രീൻ 9 ഫോറം മാൾ കൊച്ചി, സ്ക്രീൻ 3,5,8 പിവിആർ ലുലു തിരുവനന്തപുരം എന്നീ സ്‌ക്രീനുകളിൽ പ്രേക്ഷകർക്ക് ലോക ഫ്ലാറ്റ് സ്‌ക്രീനിൽ ആസ്വദിക്കാൻ കഴിയും. ഏരീസ്പ്ലെക്സ്, എറണാകുളം വനിതാ വിനീത, തൃശൂർ രാഗം തുടങ്ങിയ സ്‌ക്രീനുകളിൽ എല്ലാം സ്കോപ്പ് ഫോർമാറ്റിലാകും സിനിമ പ്രദർശിപ്പിക്കപ്പെടുക. തിരുവനന്തപുരം ഐമാക്സ് സ്ക്രീനിലും ലോക ചാർട്ട് ചെയ്തിട്ടുണ്ട്. അവിടെയും പ്രേക്ഷകർക്ക് ഫ്ലാറ്റ് സ്‌ക്രീനിൽ സിനിമ ആസ്വദിക്കാനാകും.

കല്യാണി പ്രിയദർശന്റെ മാസ് പ്രകടനം ഉറപ്പ് നൽകുന്ന ചിത്രമാകും ലോക എന്നത് ഉറപ്പിക്കുന്ന ട്രെയ്ലർ ആണ് അണിയറപ്രവത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Lokah screen ratio full details

dot image
To advertise here,contact us
dot image