ആര്‍ക്കാണ് രാഹുലിനെ പേടി; ഹാബിച്വല്‍ സെക്ഷ്വല്‍ ഒഫന്‍ഡറെ സംരക്ഷിക്കാൻ കോൺഗ്രസിൽ ആർക്കാണ് താൽപ്പര്യം

തന്റെ രാഷ്ട്രീയകാലയളവില്‍ ഒരു പൊതുപ്രവര്‍ത്തകന് വേണ്ട അടിസ്ഥാന ധാര്‍മികത പോലും പുലര്‍ത്താത്ത രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കേണ്ട കാര്യമെന്താണ്?

dot image

സമീപകാലത്ത് കേരളം കണ്ട, ഏറ്റവും ഗുരുതരമായി വെളിപ്പെടുത്തലുകളായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായത്. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച് രാഹുൽ പാലക്കാട് എംഎല്‍എ ആയിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയിട്ട് മൂന്ന് വർഷം. ഇതിനിടയിൽ ഉയർന്നത് എത്ര ആരോപണങ്ങളാണ്. ഏറ്റവും ഒടുവിൽ കേരളത്തിലെ മറ്റൊരു യുവജന നേതാവിനുമെതിരെ നാളിതുവരെ ഉയരാത്ത ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതോടെ പ്രതിരോധത്തിലായത് കോൺഗ്രസ് പാർട്ടി കൂടിയാണ്. അശ്ലീല സന്ദേശങ്ങൾ അയക്കുന്നു മോശമായ നിലയിൽ ദുരുദ്ദേശപരമായി സമീപിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ആദ്യം ഉയർന്നത്. പിന്നാലെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ യുവതിയെ ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തുന്നതിൻ്റെ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നു. വെളിപ്പെടുത്തൽ നടത്തിയവർ ആരൊക്കെയെന്നത് പരിശോധിക്കുമ്പോൾ ഈ ഉയർന്ന ആരോപണങ്ങളുടെ ഗൗരവം വർദ്ധിക്കുന്നതേയുള്ളു. അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആന്‍ ജോര്‍ജ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും സ്വകാര്യ നിമിഷങ്ങള്‍ ആവശ്യപ്പെട്ടുവെന്നുമാണ്. പിന്നാലെയാണ് രാഹുലിൻ്റെ പേര് സൂചിപ്പിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ്റെ വെളിപ്പെടുത്തൽ വരുന്നത്. പിന്നാലെയാണ് രാഹുൽ ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയവ പുറത്ത് വരുന്നത്. രാഹുലിനെതിരെ ഗുരുതര ആരോപണവുമായി ഒരു ട്രാന്‍സ് വുമണും രംഗത്ത് വന്നു.

എങ്ങനെയെല്ലാം സമീകരിച്ചാലും കേരളത്തിൽ ഒരു പൊതുപ്രവർത്തകനും ഈ നിലയിൽ സൈക്കോപാത്തിൻ്റെയോ ഹാബിച്വല്‍ ഒഫൻഡറുടെയോ ഒക്കെ സ്വഭാവരീതികൾ വ്യക്തമാകുന്ന, ഈ നിലയിലുള്ള ആരോപണങ്ങൾ ഇതുവരെ നേരിടേണ്ടി വരേണ്ടി വന്നിട്ടില്ല. അത് തന്നെയാണ് ഇതിൽ ഗൗരവകരമായിട്ടുള്ളത്‌. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോണ്‍ഗ്രസിന് രാഹുല്‍ ഉണ്ടാക്കിക്കൊടുത്ത ഡാമേജ്, അത് ഒട്ടും ചെറുതല്ല. പാർട്ടിയെ ഇത്രയേറെ പ്രതിരോധത്തിലാക്കിയ നേതാവിനെ ജനപ്രതിനിധിയായി തുടരാൻ അനുവദിച്ച് സസ്പെന്‍ഡ് ചെയ്തു എന്നാണ് എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ കോൺഗ്രസുകാർ അവതരിപ്പിക്കുന്നത്. എത്ര വിചിത്രമായ നിലപാടാണ് ഇത്! എന്ത് ധാര്‍മികതയാണ് കോണ്‍ഗ്രസ് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്? ഹാബിച്വല്‍ സെക്ഷ്വല്‍ ഒഫന്‍ഡര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയുടെ എംഎല്‍എ സ്ഥാനം സംരക്ഷിച്ചുകൊണ്ട് എന്ത് നീക്കുപോക്കാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്? തെരഞ്ഞെടുപ്പാണ് കോൺഗ്രസിൻ്റെ കൺസേൺ എങ്കിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഈ ചോദ്യം ഉയരുക തന്നെ ചെയ്യും, കോൺഗ്രസിന് മറുപടി പറയേണ്ടിയും വരും.

Rahul Mamkoottathil
രാഹുൽ മാങ്കൂട്ടത്തിൽ

കേരള രാഷ്ട്രീയത്തില്‍ സോഷ്യൽ മീഡിയ ഏറെ ആഘോഷിക്കപ്പെട്ട യുവനേതാക്കളില്‍ ഒരാള്‍ക്കെതിരെയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ഇതിൽ പലതും രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയും എംഎൽഎ സ്ഥാനവും വഹിക്കുന്നതിന് മുന്‍പുണ്ടായ സംഭവങ്ങളാണ്. പാർട്ടിയിലെ തന്നെ വനിതകളെ ഇയാള്‍ ചൂഷണത്തിന് വിധേയനാക്കാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം തന്നെ അതിനുദാഹരണം. രാഹുലിന്റെ പെരുമാറ്റം മൂലം രണ്ട് പെണ്‍കുട്ടികള്‍ കെഎസ് യു വിട്ടതായും സജീവ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചുവെന്നുമാണ് ഗ്രൂപ്പില്‍ സന്ദേശം വന്നത്. നാണംകെട്ടവന്മാരെ ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കെന്തിന് എന്ന രൂക്ഷവിമര്‍ശനവും സന്ദേശത്തിലുണ്ടായിരുന്നു. ഈ സംഭവം നടന്നതിന് ശേഷമാണ് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് അവരോധിച്ചതും പാലക്കാട് എംഎല്‍എ സ്ഥാനം നല്‍കിയതും എന്നതാണ് മറ്റൊരു വിരോധാഭാസം. ഒരു യുവനേതാവിനെതിരെ ഇതിലും ഗുരുതരമായ ഒരു ആരോപണമാണ് ഇനി ഉയരേണ്ടതെന്നാണ് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥി-യുവജന സംഘടനകൾ ശക്തിപ്പെടുത്താൻ പാർട്ടി നിയോഗിച്ച ഒരാൾക്കെതിരായാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്ന് കോൺഗ്രസിന് അവഗണിക്കാൻ സാധിക്കുമോ.

തൻ്റെ മകന് ഒന്നര വയസ്സുള്ള രണ്ട് ഇരട്ട പെൺകുട്ടികളാണെന്നും അവർ കെഎസ്‌യുവിലൂടെ വളർന്ന് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമ തോമസ് എംഎൽഎ പറയുന്നുണ്ട്. അത്തരം ആഗ്രഹം ഇല്ലാതാക്കുന്ന നിലയിൽ ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട സാഹചര്യം ഇത്തരം വിഷയങ്ങളിലൂടെ ഉണ്ടാകുന്നുണ്ടെന്ന ആശങ്കയും ഉമ തോമസ് പങ്കുവെയ്ക്കുന്നുണ്ട്. രാഹുൽ ഉണ്ടാക്കിയിരിക്കുന്ന അപകടം കെഎസ്‌യുവിനെയും യൂത്ത് കോൺഗ്രസിനെയും ഏത് നിലയിൽ ബാധിച്ചേക്കാമെന്ന് ഉമ തോമസ് പങ്കുവെച്ച ആശങ്കയിൽ വ്യക്തമാണ്. ഇത് കേരളത്തിലെ എല്ലാ മാതാപിതാക്കളുടെയും പൊതുവികാരമായി പോലും മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാത്തത് ഖേദകരമാണ്.

തന്റെ രാഷ്ട്രീയകാലയളവില്‍ ഒരു പൊതുപ്രവര്‍ത്തകന് വേണ്ട അടിസ്ഥാന ധാര്‍മികത പോലും പുലര്‍ത്താത്ത രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കേണ്ട കാര്യമെന്താണ്? വീണ്ടും ശിവന്‍കുട്ടിയുടെ വാക്കുകളെടുത്താല്‍ കോണ്‍ഗ്രസില്‍ ആര്‍ക്കാണ് ഇയാളെ ഇത്രക്കങ്ങ് പേടി.

കോണ്‍ഗ്രസിലെ യുവാക്കളുടെ നേതാവാണല്ലോ വി ഡി സതീശന്‍. രാഹുലിൻ്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം വി ഡി സതീശനോട് പറഞ്ഞിരുന്നെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെയുള്ള നിരവധി പരാതികള്‍ പല സമയത്തായി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അവയെയെല്ലാം സതീശന്‍ കണ്ടില്ലെന്ന് നടിച്ചത്? രാഹുലിനെ വളര്‍ത്തിക്കൊണ്ടുവന്ന ഷാഫി പറമ്പിലിനും പരാതികള്‍ ലഭിച്ചിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. 'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!' എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വരെ ട്രോളിക്കഴിഞ്ഞു. എന്നിട്ടും ആരോപണങ്ങള്‍ ഉയര്‍ത്തുന്നു എന്നല്ലാതെ എഴുതി നല്‍കിയ പരാതികള്‍ ലഭിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഒരു പ്രധാനപ്പെട്ട യുവനേതാവിനെതിരെ, പല കാലങ്ങളിലായി നടന്ന സംഭവങ്ങളില്‍, നിരവധി സ്ത്രീകള്‍ നിരനിരയായി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ എഴുതിനല്‍കിയ പരാതിക്ക് പാര്‍ട്ടി കാത്തുനില്‍ക്കേണ്ടതുണ്ടോ? ഇതാണോ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുത്തശ്ശി പ്രസ്ഥാനം പുലര്‍ത്തേണ്ട ധാര്‍മികത? നേരത്തെ കർണാടകയിൽ പ്രജ്ജ്വൽ രേവണ്ണക്കെതിരെ ഈ നിലയിൽ ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ ഹാബിച്വൽ ഒഫൻസ് ഉയർന്നപ്പോൾ കോൺഗ്രസിൻ്റെ നിലപാട് എന്തായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർമ്മിച്ച് പോകേണ്ടതാണ്.

Rahul Mamkoottathil and shafi parambil
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും

വെളിപ്പെടുത്തലുകളുടെ ഗൗരവം കണക്കിലെടുത്ത്, എംഎല്‍എ സ്ഥാനം തിരിച്ചുവാങ്ങി, രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പറഞ്ഞുവിടുകയല്ലേ കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്. തെളിവുകള്‍ ഇല്ലാത്ത, മാഞ്ഞുപോകുന്ന വെറും ആരോപണങ്ങളല്ല രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ചാറ്റുകളുണ്ട്, ശബ്ദസന്ദേശങ്ങളുണ്ട്. പാര്‍ട്ടിയിലെ സ്ത്രീകള്‍ തന്നെ പരാതികളുമായി രംഗത്തുണ്ട്. തന്റെ രാഷ്ട്രീയകാലയളവില്‍ ഒരു പൊതുപ്രവര്‍ത്തകന് വേണ്ട അടിസ്ഥാന ധാര്‍മികത പോലും പുലര്‍ത്താത്ത രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കേണ്ട കാര്യമെന്താണ്? വീണ്ടും ശിവന്‍കുട്ടിയുടെ വാക്കുകളെടുത്താല്‍ കോണ്‍ഗ്രസില്‍ ആര്‍ക്കാണ് ഇയാളെ ഇത്രക്കങ്ങ് പേടി.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. തര്‍ക്കങ്ങളില്ലാതെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. 100 സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്‍പിലുള്ളത്. അതിനിടെയാണ് ഇടിത്തീ പോലെ രാഹുലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. നിസാരമായി തള്ളിക്കളയാവുന്ന കാര്യമല്ല ഈ വിഷയം. കേരളം ഏറെ ആഘോഷിച്ച ഒരു പൊതുപ്രവര്‍ത്തകനെതിരെയാണ് വെളിപ്പെടുത്തലുകള്‍ കുന്നുകൂടുന്നത്. അതിനെ അവഗണിക്കുന്നതിന്റെ വില എത്രയെന്ന് കോണ്‍ഗ്രസ് മനസിലാക്കേണ്ടതുണ്ട്. പാര്‍ട്ടിയിലെ തന്നെ സ്ത്രീനേതാക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയത് കണക്കിലെടുത്തെങ്കിലും സസ്പെന്‍ഷനിലൊതുക്കി മുഖം രക്ഷിക്കുകയാണോ വേണ്ടത് എന്ന് പാര്‍ട്ടി ചിന്തിക്കേണ്ടതുണ്ട്.

ഒരു കാര്യം കൂടി, പ്രൈം ടൈം ഡിബേറ്റുകളുടെ കൊഴുപ്പ് കൂട്ടാന്‍ ഇങ്ങ് കൊച്ചുകേരളത്തിലെ ഈ വലിയ വിഷയം ദേശീയ മാധ്യമങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇത് കോണ്‍ഗ്രസിനുള്ള കൊട്ടാണ്. വോട്ട് അധികാര്‍ യാത്ര നടത്തി രാഹുല്‍ കോണ്‍ഗ്രസിന്റെ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നേരുംനെറിയും ഇല്ലാത്തവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കാണിക്കുന്നതിനുള്ള നീക്കം. അതിനാല്‍ത്തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ചര്‍ച്ചകളിലെല്ലാം ഉപയോഗിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് സമയബന്ധിതമായി, കൃത്യമായി ഈ വിഷയം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ഡാമേജ് ഉണ്ടാകുമായിരുന്നില്ല.

രാഷ്ട്രീയത്തില്‍ ഇത്തരം അലിഗേഷനുകള്‍ പുത്തരിയല്ല. പക്ഷെ വിശദീകരിച്ച് വഷളാക്കിയത് സംസ്ഥാന കോണ്‍ഗ്രസാണ്. സസ്പെന്‍ഷനില്‍ മാത്രം ഒതുക്കിനിര്‍ത്തി വിഷയത്തെ ലഘൂകരിച്ചാല്‍ നഷ്ടപ്പെടുന്നത് രാഹുലിനൊപ്പം പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടിയായിരിക്കും.

Content Highlights: Why Congress protect Rahul Mamkoottathil

dot image
To advertise here,contact us
dot image