
ഇന്ത്യൻ ക്രിക്കറ്റ് ടം കോച്ച് ഗൗതം ഗംഭീറിനെ നിരന്തരം വിമർശിക്കുന്നവരിൽ പ്രധാനിയാണ് മുൻ ഇന്ത്യൻ കളിക്കാരനായ മനോജ് തിവാരി. ഏഷ്യാ കപ്പ് അടുത്തിരിക്കെ ഗംഭീറിനെതിരെ വീണ്ടുമെത്തിയിരിക്കുകയാണ് മനോജ് തിവാരി. ഗംഭീർ വാക്കിന് വിലയില്ലാത്തവനാണെന്നാണ് തിവാരിയുടെ വാദം. ഇക്കാര്യത്തിൽ ഒന്നിൽ കൂടുതൽ കാരണങ്ങളും തിവാരി നിരത്തുന്നു.
ഇന്ത്യൻ കോച്ച് ആകുന്നതിന് മുമ്പ് പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന് ഗംഭീർ പറഞ്ഞുവെന്നും എന്നാൽ ഇപ്പോൾ അവർ ഏഷ്യാ കപ്പിലടക്കം കളിക്കുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടി. 'ഗംഭീർ വാക്കിന് വിലയില്ലാത്ത ആളാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. അവൻ ഇന്ത്യൻ ടീമിന്റെ കോച്ചല്ലാതിരുന്നപ്പോൾ ഇന്ത്യ പാകിസ്ഥാനുമായി കളിക്കേണ്ടതില്ലെന്നാണ് ഗംഭീർ പറഞ്ഞത്. എന്നാൽ ഇപ്പോൾ അവൻ എന്ത് ചെയ്യും?
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ കോച്ചാണ് അവൻ. എന്തുകൊണ്ട് സ്ഥാനം ഒഴിഞ്ഞുകൂടാ? പാകിസ്ഥാനെതിരെ കളിക്കാൻ താൻ ഇല്ലെന്ന് പറഞ്ഞുകൂടാ?. യശസ്വി ജയ്‌സ്വാൾ ഭാവി താരമാണെന്ന് പറഞ്ഞതും ഗംഭീറാണ് അവനെ പുറത്തിരുത്തുന്നതും അയാൾ തന്നെ. അവൻ ട്വന്റി-20യിൽ പുറത്തരിക്കേണ്ട കളിക്കാരനല്ല ലോങ് റൺ ആവശ്യമുള്ള കളിക്കാരനാണ് എന്നാൽ അവൻ ഇപ്പോൾ ടീമിലില്ല,' മനോജ് തിവാരി പറഞ്ഞു.
ഇങ്ങനെ ഒരു കാര്യം പറഞ്ഞ് മറ്റൊരു കാര്യം ചെയ്യുന്ന ഒരുപാട് സാഹചര്യങ്ങൾ ഗംഭീറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights-- Manoj Tiwary Says Gautham Gambhir is a Hypocrite