
ഏഷ്യാ കപ്പിന് മുന്‍പേ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ വിമർശിച്ച് പാകിസ്താന്റെ മുൻ താരം ബാസിത് ഖാന്‍. പാകിസ്താനെതിരെ കളിക്കുമ്പോൾ മാത്രം സൂര്യകുമാർ യാദവിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കാറില്ലെന്നാണ് ബാസിത് ഖാൻ ചൂണ്ടിക്കാട്ടിയത്. ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പാകിസ്താനെതിരായ പ്രകടനങ്ങള്‍ വിശകലനം ചെയ്ത് പാക് മുന്‍ രംഗത്തെത്തിയത്.
'സൂര്യകുമാര്‍ മിക്കവാറും എല്ലാവര്‍ക്കുമെതിരെ റണ്‍സ് നേടുന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ പാകിസ്താനെതിരെ അദ്ദേഹത്തിന് ഫലപ്രദമായ ബാറ്റിങ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പേസ്, സ്പിന്‍ ബൗളിങ് ആക്രമണങ്ങളെ ഒരുപോലെ സമര്‍ത്ഥമായി നേരിടുന്ന 360 ഡിഗ്രി ബാറ്ററാണ് അദ്ദേഹം. എന്ത് കാരണമായാലും പാകിസ്താനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ട്', ബാസിത് പിടിവി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ഐസിസി ടി20 ബാറ്റിങ് റാങ്കിങില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. പാകിസ്താനെതിരെ സമീപകാലത്ത് ഇന്ത്യ ഗംഭീര വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും വ്യക്തിപരമായ പ്രകടനങ്ങളിൽ തിളങ്ങാൻ സൂര്യക്ക് കഴിഞ്ഞിട്ടില്ല.
Bazid Khan Said, "Suryakumar Yadav is not effective against us (Pakistan). Whether it is the pace attack or some other reason, it remains an issue". [Game On Hai] pic.twitter.com/9P93KmcM38
— Analysis With Rashid 🇵🇰 (@IamRashid675) August 25, 2025
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും.
Content Highlights:"Suryakumar Yadav Not Effective Against Us": Ex Pakistan Star's Dig Ahead Of Asia Cup 2025