'മറ്റൊരു മലയാളി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് നമുക്ക് ഉടന്‍ കാണാം'; ആവേശമായി സഞ്ജുവിന്‍റെ വാക്കുകള്‍

'ടീമിൽ അത്ഭുതപ്പെടുത്തുന്ന കഴിവുള്ള ഒരുപാട് കളിക്കാരുണ്ട്'

dot image

കേരള ക്രിക്കറ്റ് ലീഗില്‍ ആവേശമുയർത്തി കഴിഞ്ഞ ദിവസം മലയാളികളുടെ സൂപ്പര്‍ താരം സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. കെസിഎല്ലില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് സഞ്ജു വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. സെഞ്ച്വറിയുമായി കൊച്ചിയെ വിജയത്തിലേക്ക് നയിച്ച സഞ്ജു തന്നെയായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

മത്സരശേഷം സഞ്ജുവിന്റെ വാക്കുകളാണ് ആരാധകർ‌ക്ക് ആവേശമാവുന്നത്. മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുമെന്നാണ് വെടിക്കെട്ട് സെഞ്ച്വറി നേടിയ ശേഷം സഞ്ജു പറഞ്ഞത്. അടുത്ത ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അത് സംഭവിക്കുമെന്നാണ് സഞ്ജു പറയുന്നത്. കെസിഎല്ലിലെ മത്സരത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു താരം.

"സത്യം പറഞ്ഞാൽ നമ്മുടെ ഈ കളിക്കാരെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇവർക്കൊപ്പം സമയം ചിലവിടുമ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ്. ടീമിൽ അത്ഭുതപ്പെടുത്തുന്ന കഴിവുള്ള ഒരുപാട് കളിക്കാരുണ്ട്. പ്രാദേശിക മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്", സഞ്ജു പറഞ്ഞു.

"കേരള ക്രിക്കറ്റിൽ ഇത്രമാത്രം കഴിവുള്ള​ കളിക്കാരുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു മലയാളി താരം രാജ്യത്തിനായി കളിക്കുന്നത് നമുക്ക് കാണാനാവും. അങ്ങനെ സംഭവിക്കുമെന്ന് എനിക്കുറപ്പാണ്.", സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

അതേസമയം സീസണിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന്റെ ഗംഭീര തിരിച്ചുവരവിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊച്ചിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയാണ് സഞ്ജു നിര്‍ണായക സെഞ്ച്വറി സ്വന്തമാക്കിയത്. 51 പന്തില്‍ 121 റണ്‍സെടുത്തു. ഏഴ് സിക്സറുകളും 14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുട്ടുകുത്തിച്ചത്. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന പന്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് എത്തിയത്.

കൊല്ലം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ കൊച്ചിയ്ക്ക് മിന്നും തുടക്കമാണ് സഞ്ജു നല്‍കിയത്.തുടക്കത്തില്‍ തന്നെ വിനൂപ് മനോഹരനെ (11) വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു അടിച്ചു തകര്‍ത്തതോടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. 16 പന്തില്‍ നിന്ന് സഞ്ജു അര്‍ധസെഞ്ച്വറി നേടിയ സഞ്ജു 42 പന്തില്‍ മൂന്നക്കം തൊട്ടു.

ഇതിനിടെ മൊഹമ്മദ് ഷാനുവിനെ (39) നഷ്ടമായി. പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റന്‍ സലി സാംസണും (5) നിഖിലും (1) പെട്ടെന്ന് കൂടാരം കയറി. ഇതിനിടയില്‍ 42 പന്തില്‍ നിന്ന് സഞ്ജു തന്റെ സീസണിലെ രണ്ടാം സെഞ്ച്വറിയും കുറിച്ചു. ടീം സ്‌കോര്‍ 200 കടന്നതിന് പിന്നാലെ സഞ്ജു വീണു. അവസാന നിമിഷം മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസ് ജോണും നടത്തിയ വെടിക്കെട്ട് ബാറ്റിങും വിജയത്തിന് നിര്‍ണായകമായി. അവസാന പന്തില്‍ സിക്‌സടിച്ചാണ് കൊച്ചി വിജയം പിടിച്ചെടുത്തത്. ആഷിഖ് 13 പന്തില്‍ 29 റണ്‍സും ഫ്രാന്‍സിസ് രണ്ട് പന്തില്‍ ഏഴ് റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കൊല്ലം സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജെറിന്‍ പി എസ് ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: 'we should see one more guy playing for the country', says Sanju Samson

dot image
To advertise here,contact us
dot image