ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ഡിവില്ലിയേഴ്‌സ് ബ്രില്ല്യന്‍സ്! കങ്കാരുക്കളെ വീഴ്ത്തി പ്രോട്ടീസ് ഫൈനലില്‍

ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക

ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ഡിവില്ലിയേഴ്‌സ് ബ്രില്ല്യന്‍സ്! കങ്കാരുക്കളെ വീഴ്ത്തി പ്രോട്ടീസ് ഫൈനലില്‍
dot image

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ വീഴ്ത്തിയാണ് പ്രോട്ടീസ് ഫൈനലിന് ടിക്കറ്റെടുത്തത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഒറ്റ റണ്ണിന് ഡിവില്ലിയേഴ്‌സും സംഘവും പരാജയപ്പെടുത്തി. ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക.

എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 എന്ന മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാമ്പ്യൻസിന്റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിൽ അവസാനിച്ചു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ട ഓസ്ട്രേലിയയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് ഓപ്പണർ ജെജെ സ്മട്സിന്റെയും മോൺ വാൻ വൈക്കിന്റെയും ബാറ്റിങ് മികവിലാണ് 186 എന്ന മികച്ച സ്കോറിൽ എത്തിയത്. ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ഇരുവരുടെയും മികച്ച കൂട്ടുകെട്ടാണ് ടീമിന് തുണയായത്. സ്മട്സ് 41 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സറുമടക്കം 57 റൺസ് നേടിയപ്പോൾ, മോൺ വാൻ വൈക്ക്, 35 പന്തിൽ 76 റൺസ് നേടി. 35 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു വാൻ വൈക്കിന്റെ കിടിലൻ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് മികച്ച തുടക്കമാണ് ടോപ്പ് ഓര്‍ഡര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ക്രിസ് ലിന്നും ഷോൺ മാർഷും ചേർന്ന് 45 റണ്‍സ് അടിച്ചെടുത്തു. ക്രിസ് ലിന്‍ (20 പന്തില്‍ 35), ഷോണ്‍ മാര്‍ഷ് (17 പന്തില്‍ 25), ഡിയാര്‍സി ഷോര്‍ട്ട് (29 പന്തില്‍ 33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാം നമ്പരിൽ ഇറങ്ങിയ ഡാനിയൽ ക്രിസ്റ്റ്യൻ വെടിക്കെട്ട് നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ താരത്തിനായില്ല.

മറുവശത്ത് പ്രോട്ടിയാസ് ലെജന്‍ഡ്‌സ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും ഡാന്‍ ക്രിസ്റ്റ്യന്‍ ശ്രദ്ധയോടെ ഓസീസ് സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഓസീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.

വെയ്ന്‍ പാര്‍ണലെറിഞ്ഞ ആദ്യ പന്ത് തന്നെ റോബ് ക്വീനി സിക്‌സറിന് പറത്തി. അടുത്ത പന്ത് സിംഗിള്‍ നേടിയ ക്വീനി സ്‌ട്രൈക്ക് ഡാന്‍ ക്രിസ്റ്റ്യന് കൈമാറിയപ്പോൾ മൂന്നാം പന്തില്‍ ഡബിളോടി ക്രിസ്റ്റ്യന്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി. അടുത്ത മൂന്ന് പന്തില്‍ വിജയിക്കാന്‍ വേണ്ടത് വെറും അഞ്ച് റണ്‍സ്. രണ്ട് പന്തില്‍ രണ്ട് റണ്‍സ് കൂടി പിറന്നതോടെ മത്സരം കൂടുതല്‍ ആവേശമായി. എന്നാല്‍ ഇതിനിടെ പരിക്ക് മൂലം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്വീനിക്ക് പകരം നഥാന്‍ കോട്ടര്‍ നൈൽ ക്രീസിലെത്തി.

അവസാന പന്തില്‍ വിജയലക്ഷ്യം മൂന്ന് റണ്‍സായി. സ്‌ട്രൈക്കിലുണ്ടായിരുന്ന ഡാന്‍ ക്രിസ്റ്റ്യന്‍ ബോളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി ലക്ഷ്യമിട്ട് ഷോട്ട് പായിച്ചു. എന്നാല്‍ ബൗണ്ടറി ലൈനിന് സമീപമുണ്ടായിരുന്ന ക്യാപ്റ്റൻ ഡി വില്ലിയേഴ്‌സ് മത്സരത്തിൻ‌റെ ​ഗതിയെ മാറ്റിമറിച്ചു. പന്ത് അതിവേഗം കൈപ്പിടിയിലൊതുക്കിയ ഡിവില്ലിയേഴ്സ് രണ്ടാം റണ്‍സിനോടിയ കോട്ടര്‍ നൈലിനെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കുകയും ചെയ്തു. ആവേശപ്പോരിന്റെ അത്യാവേശകരമായ ക്ലൈമാക്സിൽ ദക്ഷിണാഫ്രിക്ക ഒരു റണ്‍സിന് വിജയവും ഫൈനൽ പ്രവേശനവും സ്വന്തമാക്കി.

Content Highlights: WCL 2025: South Africa champions beat Australia champions by 1 run in semis

dot image
To advertise here,contact us
dot image