'എന്തുചെയ്താണ് കരുണിന് അവസരം നല്‍കുന്നത്?'; മകന്‍ വിഷാദത്തിലാണെന്ന് അഭിമന്യുവിന്റെ പിതാവ്‌

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടും ഒറ്റ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാനാകാത്ത താരമാണ് അഭിമന്യു

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം നല്‍കാതിരുന്നതിന് പിന്നാലെ പ്രതികരിച്ച് അഭിമന്യു ഈശ്വരന്റെ അച്ഛന്‍ രംഗനാഥന്‍ ഈശ്വരന്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടും ഒറ്റ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാനാകാത്ത താരമാണ് അഭിമന്യു. കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടീമിനൊപ്പവും മുഴുവന്‍ സമയം ഉണ്ടായിരുന്നെങ്കിലും താരത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 961 ദിവസം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിട്ടും അഭിമന്യുവിന് ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുതല്‍ ഓപ്പണറായാണ് താരത്തിന് ടീമില്‍ ഇടംകിട്ടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശസ്വി ജയ്സ്വാള്‍- കെഎല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം ക്ലച്ച് പിടിച്ചതോടെയാണ് അഭിമന്യുവിന് തുടര്‍ച്ചയായി അവസരം നിഷേധിക്കപ്പെട്ടത്. ഇതോടെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നതിനിടെ കോച്ച് ഗൗതം ഗംഭീറിനെതിരെ താരത്തിന്റെ പിതാവ് രംഗത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യ എ ടൂറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടെസ്റ്റില്‍ തഴഞ്ഞത് അഭിമന്യുവിനെ വിഷാദത്തിലാക്കിയെന്ന് അച്ഛന്‍ ആരോപിച്ചു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്റെ മകനേക്കാള്‍ കരുണ്‍ നായര്‍ക്ക് അവസരം നല്‍കുന്നതിലുള്ള യുക്തിയെയും പിതാവ് രംഗനാഥന്‍ ചോദ്യം ചെയ്തു.

'ടെസ്റ്റില്‍ അരങ്ങേറുന്നതിനായി അഭിമന്യു കാത്തിരുന്ന ദിവസങ്ങള്‍ എത്രയാണെന്ന് ഞാന്‍ എണ്ണുന്നില്ല. ഞാന്‍ വര്‍ഷങ്ങളാണ് നോക്കുന്നത്, മൂന്ന് വര്‍ഷമായി. ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി എന്താണ്? റണ്‍സ് നേടുകയെന്നതാണ്. അഭിമന്യു അതു ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചപ്പോള്‍, തിളങ്ങാതിരുന്നതുകൊണ്ടാണ് അഭിമന്യുവിനെ കളിപ്പിക്കാത്തതെന്ന് ആളുകള്‍ പറയും. അത് ന്യായമാണ്.

എന്നാല്‍ അഭിമന്യു ബിജിടിക്ക് മുമ്പ് പ്രകടനം കാഴ്ചവച്ച സമയം കരുണ്‍ നായര്‍ ടീമില്‍ ഉണ്ടായിരുന്നില്ല. ദുലീപ് ട്രോഫിക്കോ ഇറാനി ട്രോഫിക്കോ കരുണിനെ തിരഞ്ഞെടുത്തില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോള്‍ അഭിമന്യു 864 റണ്‍സിനടുത്ത് നേടിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ താരതമ്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. എന്നിട്ടും സെലക്ടര്‍മാര്‍ കരുണിന് അവസരം നല്‍കി. സെലക്ടര്‍മാര്‍ അഭിമന്യുവിനെ വിശ്വസിക്കാന്‍ തയാറാകണം.

എന്റെ മകന്‍ അല്‍പ്പം വിഷാദത്തിലാണ്. ചില താരങ്ങളെ ഐപിഎല്ലില്‍ കളിച്ചതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമിലെടുക്കുന്നുണ്ട്. ടെസ്റ്റ് പോലുള്ള ഫോര്‍മാറ്റുകളില്‍ ഐപിഎല്‍ പരിഗണിക്കാനേ പാടില്ല. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി ടെസ്റ്റ് ടീമിനെ തീരുമാനിക്കണം', അഭിമന്യുവിന്റെ പിതാവ് രംഗനാഥന്‍ ഈശ്വരന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Content Highlights: Abhimanyu Easwaran's father questions his son's absence from India's Test team despite strong performances

dot image
To advertise here,contact us
dot image