
കാലിനേറ്റ സാരമായ പരിക്ക് വകവെയ്ക്കാതെ ബാറ്റിങ്ങിന് തിരിച്ചെത്തി റിഷഭ് പന്ത്. ഇന്നലെ പരിക്കേറ്റ താരം റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. ഇന്ന് ഷാർദൂൽ താക്കൂർ പുറത്തായ ശേഷം വീണ്ടും ഗ്രൗണ്ടിലെത്തുകയായിരുന്നു. പന്തിന്റെ രണ്ടാം വരവിനെ വലിയ കയ്യടികളോടെയാണ് മഞ്ചസ്റ്ററിലെ കാണികൾ സ്വീകരിച്ചത്.
വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയാണ് പന്ത് ഇന്നലെ പരിക്കേറ്റ് മടങ്ങുന്നത്. ക്രിസ് വോക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്തു.
മത്സരത്തിൽ നിന്ന് റിട്ടയർ ഹാർട്ടായെങ്കിലും ഒരു ചരിത്ര നേട്ടം പന്തിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. കെ എല്‍ രാഹുലും ഇന്നലെ ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
Content Highlights:rishab pant return back to batting after retire hurt