
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും.
ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ഗില്ലിന്റെ ലക്ഷ്യം.
അതേ സമയം ആദ്യ ദിനം മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ മാഞ്ചസ്റ്ററില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ മാറി നില്‍ക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ മാഞ്ചസ്റ്ററില്‍ കാര്യമായി മഴ പെയ്തിട്ടില്ല. എങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്.
നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം രാവിലത്തെ സെഷനില്‍ മാഞ്ചസ്റ്ററില്‍ മഴ പെയ്യാനുള്ള സാധ്യത 19 ശതമാനം മാത്രമാണെന്നാണ് അക്യുവെതറിന്‍റെ കാലാവസ്ഥാ പ്രവചനം. എന്നാല്‍ രണ്ടാം സെഷനിലും മൂന്നാം സെഷനിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. വൈകുന്നേരത്തോടെ മഴ പെയ്യാനാനുള്ള സാധ്യത 65 ശതമാനമായി ഉയരുമെന്നാണ് കാലവസ്ഥാപ്രവചനം.
പേസര്‍മാരെ തുണക്കുന്ന പാരമ്പര്യമുള്ള പിച്ചാണ് മാഞ്ചസ്റ്ററിലേത്. എന്നാല്‍ മഴ പെയ്താല്‍ മാഞ്ചസ്റ്ററിലെ സാഹചര്യങ്ങള്‍ മാറിമറിയുമെന്നാണ് വിലയിരുത്തല്‍. മത്സരത്തിനിടെ പെയ്യുന്ന മഴ പേസര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്.
ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അന്തരീക്ഷ ഈര്‍പ്പവും തണുത്ത കാറ്റും ആദ്യ സെഷനില്‍ പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഇന്ന് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്തേക്കും. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആണ് ടോസ് നേടിയത്.
Content Highlights: india-England 4th Test; Will it rain on the first day?; Weather report at Old Trafford