
രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയ്യൻ. ഭേദപ്പെട്ട അഭിപ്രായമാണ് ലഭിച്ചതെങ്കിലും സിനിമയ്ക്ക് തിയേറ്ററിൽ ചലമുണ്ടാക്കാൻ സാധിച്ചില്ല. ചിത്രത്തിൽ രജിനിക്കൊപ്പം പാട്രിക്ക് എന്ന കഥാപാത്രമായി ഫഹദും എത്തിയിരുന്നു. ഹ്യൂമർ സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഫഹദിന്റേത്. എന്നാൽ ചിത്രത്തിൽ ആദ്യം മറ്റൊരു കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ആയിരുന്നു തന്നെ ക്ഷണിച്ചിരുന്നതെന്നും താൻ ആണ് പാട്രിക്ക് എന്ന റോൾ തിരഞ്ഞെടുത്തതെന്നും മനസുതുറക്കുകയാണ് ഫഹദ്.
'ആദ്യം വേട്ടയ്യനിൽ മറ്റൊരു റോളിലേക്കായിരുന്നു എന്നെ വിളിച്ചത്. പക്ഷെ സ്ക്രിപ്റ്റ് കേട്ടതിന് ശേഷം ഞാനാണ് പാട്രിക്ക് എന്ന ഇപ്പോൾ ചെയ്തിരിക്കുന്ന കഥാപാത്രം തിരഞ്ഞെടുത്തത്. പക്ഷെ ഞാൻ സിനിമയിലേക്ക് അവസാന നിമിഷം എത്തിയത്കൊണ്ട് ഞാൻ തിരഞ്ഞെടുത്ത കഥാപാത്രത്തിന് കൂടുതൽ സ്ക്രീൻടൈം കൊടുക്കാനും തിരക്കഥ മാറ്റിയെഴുതാനും ജ്ഞാനവേൽ സാറിനും സമയം കിട്ടിയില്ല. എനിക്കും ആ സ്ക്രിപ്റ്റിനെ ഡാമേജ് ചെയ്യണമെന്ന് ഇല്ലായിരുന്നു', ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
#FahadhFaasil was originally cast in a different role for Vettaiyan, but he specifically requested to play Patrick instead. Since director Gnanavel couldn’t rework the role to give it more weight, that explains why Fahadh’s character felt underwhelming❗pic.twitter.com/7RoqNQSa64
— Mohammed Ihsan (@ihsan21792) July 23, 2025
300 കോടി ബജറ്റിലാണ് വേട്ടയ്യൻ ഒരുങ്ങിയത്. എന്നാൽ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 148.15 കോടി മാത്രമാണ് നേടാനായത് എന്ന് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.
Content Highlights: I was originally cast in a different role for Vettaiyan says Fahadh