ടി20യിൽ ഹാട്രിക് വിക്കറ്റ്! അത്ഭുതമായി ഇം​ഗ്ലണ്ടിന്റെ 17കാരന്‍ സ്പിന്നര്‍, തകർപ്പൻ റെക്കോർഡും സ്വന്തം

മിന്നും പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഫർ‌ഹാൻ സ്വന്തം പേരിലെഴുതിച്ചേർത്തു

dot image

ടി20 ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റുകളുമായി ഇം​ഗ്ലണ്ട് സ്പിന്നര്‍. 17കാരന്‍ ഫർഹാൻ അഹമ്മദാണ് മിന്നും പ്രകടനവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിലാണ് കൗമാരതാരത്തിന്റെ മികവുറ്റ ബോളിങ്. ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ഫർഹാൻ അഹമ്മദ് മത്സരത്തില്‍ വീഴ്ത്തിയത്. ഇംഗ്ലണ്ട് താരവും സ്പിന്നറുമായ രഹാന്‍ അഹമ്മദിന്റെ സഹോദരനാണ് ഫര്‍ഹാന്‍ അഹമ്മദ്.

ടി20 ബ്ലാസ്റ്റിൽ നോട്ടിങ്ഹാംഷെയറിനായാണ് ഫര്‍ഹാന്‍ പന്തെറിഞ്ഞത്. ലങ്കാഷെയറിന്റെ മൂന്ന് താരങ്ങളെ തുടരെ പവലിയനിലെത്തിച്ച് ഫർഹാൻ കരുത്ത് തെളി‌യിച്ചു. മത്സരത്തില്‍ ആകെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി.

ലങ്കാഷെയറിന്റെ അവസാന മൂന്ന് ബാറ്റര്‍മാരായ ലുക് വൂഡ്, ടോം അസ്പിന്‍വാള്‍, മിച്ചല്‍ സ്റ്റാന്‍ലി എന്നിവരെയാണ് ഫർഹാൻ അവസാന ഓവറിലെ 4, 5, 6 പന്തുകളില്‍ പുറത്താക്കിയത്. നേരത്തെ ക്രിസ് ഗ്രീന്‍, കീറ്റന്‍ ജന്നിങ്‌സ് എന്നിവരുടെ വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

ഫര്‍ഹാന്റെ ബോളിങ് മികവില്‍ ലങ്കാഷെയറിനെ 126 റണ്‍സില്‍ ഓള്‍ ഔട്ടാക്കാനും നോട്ടിങ്ഹാംഷെയറിന് സാധിച്ചു. മത്സരത്തില്‍ നാല് വിക്കറ്റിനാണ് നോട്ടിങ്ഹാംഷെയർ വിജയം സ്വന്തമാക്കിയത്.

മിന്നും പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഫർ‌ഹാൻ സ്വന്തം പേരിലെഴുതിച്ചേർത്തു. ടി20 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ താരം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. ഹാട്രിക് വിക്കറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ 17 വയസും 147 ദിവസവുമാണ് ഫര്‍ഹാന്റെ പ്രായം.

Content Highlights: 17-year-old Farhan Ahmed was on fire as he picked up a hat-trick in Nottinghamshire’s T20 Blast

dot image
To advertise here,contact us
dot image