അതിർത്തി തർക്കത്തിൽ അയൽക്കാരിയെ മർദ്ദിച്ചെന്ന് പരാതി; ഷമിയുടെ മുൻ ഭാര്യക്കെതിരെ കേസ്, ദൃശ്യങ്ങൾ വൈറൽ

ഹസീന്‍ ജഹാന്‍റെ മകള്‍ ആര്‍ഷി ജഹാനെതിരെയും പൊലീസ് കേസെടുത്തു

dot image

അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ പൊലീസ് കേസ്. അതിർത്തി തർക്കത്തിന്റെ പേരിലാണ് ഹസിൻ തന്നെ മർദ്ദിച്ചതെന്ന പരാതിയുമായി അയൽക്കാരി ഡാലിയ ഖാത്തുൻ പൊലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് കൊലപാതക ശ്രമം, ​ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആർഷി ജഹാൻ.

ഹസിൻ ജഹാന്‍ അയൽക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബം​ഗാളിലെ സുരി ന​ഗരത്തിൽ മകൾ ആർഷിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു പ്ലോട്ടിൽ ഹസിൻ ജഹാൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹസിൻ ജഹാൻ ഈ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ‌ അയൽക്കാരിയായ ഡാലിയ ഖാത്തുൻ അത് തർക്കഭൂമിയാണെന്ന് ഉന്നയിക്കുകയും ഹസിനെ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൈയേറ്റ ശ്രമമുണ്ടായത്.

സംഭവസ്ഥലത്തെ വസ്തുക്കൾ ഡാലിയ എടുത്തു മാറ്റുന്നതും പിന്നാലെ ഹസിൻ ജഹാൻ ഡാലിയയെ തള്ളുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഹസിൻ ജഹാനും മകളും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഡാലിയയുടെ പരാതിയിലെ ആരോപണം.

അതേസമയം ഒരു പ്രാദേശിക തൃണമൂൽ കൗൺസിലറുടെ ഭർത്താവ് കാസി ഫർസുദ്ദീനെതിരെ ഹസിൻ ജഹാൻ എതിർ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പശ്ചിമ ബംഗാൾ പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlights: Caught on camera: Mohammed Shami’s estranged wife Hasin Jahan's fight with neighbour goes viral

dot image
To advertise here,contact us
dot image