
മകള്‍ ഐറയുടെ ജന്മദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭാര്യയായ ഹസിന്‍ ജഹാനൊപ്പം താമസിക്കുന്ന മകള്‍ ഐറ വ്യാഴാഴ്ച പത്താം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഐറയുടെ ചിത്രങ്ങള്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷമി തന്റെ ആശംസകള്‍ അറിയിച്ചത്.
'പ്രിയപ്പെട്ട മകളേ, നമ്മളൊരുമിച്ച് ഉറക്കമൊഴിച്ച് സംസാരിക്കുകയും ചിരിക്കുകയും നിന്റെ നൃത്തം ആസ്വദിക്കുകയുമെല്ലാം ചെയ്തിരുന്ന രാത്രികള്‍ ഞാന്‍ ഓര്‍ക്കുകയാണ്. നീ എത്ര പെട്ടെന്നാണ് വളരുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ജീവിതത്തില്‍ നിനക്ക് നല്ലതുമാത്രം ആശംസിക്കുന്നു. ദൈവം എപ്പോഴും നിനക്ക് സ്‌നേഹവും സമാധാനവും സന്തോഷവും ആരോഗ്യവും തരട്ടെ, ജന്മദിനാശംസകള്‍', ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Mohammad Shami's Instagram story for his daughter. ❤️ pic.twitter.com/AVC1IRzNYd
— Mufaddal Vohra (@mufaddal_vohra) July 17, 2025
മുന്‍ ഭാര്യയും മകള്‍ ഐറയുടെ മാതാവുമായ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കും ഷമി ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഷമിയുടെ പോസ്റ്റ്. ഹസിന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിമാസം നാല് ലക്ഷം രൂപ നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.
2012ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
Content Highlights: Mohammad Shami's emotional post for daughter Aaira's 10th birthday