
ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ട്വന്റി 20 പരമ്പരയിൽ രണ്ടാം വിജയവുമായി ന്യൂസിലാൻഡ്. ഇന്ന് നടന്ന മത്സരത്തിൽ സിംബാബ്‍വെയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 36 റൺസെടുത്ത ഓപണർ വെസ്ലി മധേവേരെ സിംബാബ്‍വെയുടെ ടോപ് സ്കോററായി. ബ്രയാൻ ബെന്നറ്റ് 21 റൺസും സംഭാവന ചെയ്തു. മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെൻറിയാണ് ന്യൂസിലാൻഡിനായി ബൗളിങ്ങിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ മൂന്ന് റൺസെടുത്ത ടിം സെയ്ഫെർട്ടിനെ ന്യൂസിലാൻഡിന് തുടക്കത്തിലെ നഷ്ടമായി. എങ്കിലും ഡെവോൺ കോൺവേയും രവിൻ രവീന്ദ്രയും ഡാരൽ മിച്ചലും ചേർന്ന് ന്യൂസിലാൻഡിനെ അനായാസം വിജയത്തിലെത്തിച്ചു. 40 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 59 റൺസെടുത്ത കോൺവേ പുറത്താകാതെ നിന്നു. 19 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം രവീന്ദ്ര 30 റൺസെടുത്തു. ഡാരൽ മിച്ചൽ പുറത്താകാതെ 19 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 26 റൺസെടുത്ത് വിജയത്തിൽ നിർണായകമായി.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 21 റൺസിന്റെ വിജയവും ന്യൂസിലാൻഡ് നേടിയിരുന്നു. ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ന്യൂസിലാൻഡിന് രണ്ട് വിജയവും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിജയവും നേടാൻ കഴിഞ്ഞു. സിംബാബ്‍വെ ഒരു മത്സരം പോലും വിജയിച്ചില്ല. ആദ്യ മത്സരത്തിൽ സിംബാബ്‍വെയ്ക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
Content Highlights: New Zealand beat Zimbabwe by eight wickets