
ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൽ ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. മാച്ച് ഫീയുടെ 10 ശതമാനം പിഴയും 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ രണ്ട് പോയിന്റിന്റെ കുറവുമാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തായി. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമാണ് ഇംഗ്ലണ്ടിനുള്ളത്.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നിലവിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ സമ്പൂർണ വിജയമാണ് ഓസ്ട്രേലിയയെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഓസ്ട്രേലിയയുടെ വിജയശതമാനം 100 ആണ്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും നേടിയിട്ടുണ്ട്.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും രണ്ട് തോൽവിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ അവശേഷിച്ച രണ്ട് മത്സരങ്ങൾ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നേറ്റത്തിന് സാധിക്കും.
Content Highlights: England penalised for slow over rate in Lords