
ഇന്ത്യയ്ക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും സ്പിന്നർ ഷുഹൈബ് ബഷീറിനെ ഒഴിവാക്കി. ഇടത് കൈവിരലിൽ ഒന്നിൽ പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ ആഴ്ച തന്നെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് റിപ്പോർട്ടുകൾ. ബഷീറിന് പകരമായി ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ട് ടീമിൽ കളിക്കും.
കുറച്ചുകാലമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിർണായക സാന്നിധ്യമാണ് ബഷീർ. ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ബഷീർ ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തികഴിഞ്ഞു. ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തി ബഷീറാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് വിജയം. അഞ്ചാം ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. 181 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 61 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടം ഇന്ത്യയുടെ വിജയത്തിലേക്കെത്തിയില്ല. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.
Content Highlights: Shoaib Bashir ruled out the reminder of the Test series