'നീ ആരാണെന്നാണ് നിന്റെ വിചാരം?'; നിതീഷിനെ ചൊറിഞ്ഞ് ഹാരി ബ്രൂക്ക്

സ്റ്റംപ് മൈക്കിലാണ് ഇം​ഗ്ലണ്ട് താരത്തിന്റെ വാക്കുകൾ പ്രതിഫലിച്ചത്

dot image

ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡിയെ ചൊറിഞ്ഞ് ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷനിലാണ് ബ്രൂക്കിന്റെ വാക്കുകൾകൊണ്ടുള്ള ആക്രമണം. നീ ആരാണെന്നാണ് നിന്റെ വിചാരമെന്ന് ബാറ്റ് ചെയ്തുകൊണ്ടിരുന്ന നിതീഷിനോട് ബ്രൂക്ക് ചോദിച്ചു. 'നമ്മൾ ഒരുമിച്ച് ഐപിഎല്ലിൽ സൺറൈസേഴ്സ് ടീമിലായിരുന്നത് ഞാൻ ഓർക്കുന്നു. അന്ന് നീ ഒരിക്കൽപോലും എന്നോട് സംസാരിച്ചിട്ടില്ലല്ലോ.' ബ്രൂക്ക് നിതീഷ് റെഡ്ഡിയോട് പറഞ്ഞു.

ഇവിടെയും നിർത്തുവാൻ ബ്രൂക്ക് തയ്യാറായില്ല. ഇത് ഐപിഎൽ അല്ലെന്നും ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ട റൺസ് മുഴുവനും രവീന്ദ്ര ജഡേജ അടിച്ചെടുക്കേണ്ടി വരുമെന്നും ബ്രൂക്ക് നിതീഷിനോട് പറഞ്ഞു. സ്റ്റംപ് മൈക്കിലാണ് ഇം​ഗ്ലണ്ട് താരത്തിന്റെ വാക്കുകൾ പ്രതിഫലിച്ചത്. ലോഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 30 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിക്ക് രണ്ടാം ഇന്നിങ്സിൽ 13 റൺസെടുക്കാൻ മാത്രമെ സാധിച്ചുള്ളൂ. രണ്ട് ഇന്നിങ്സിലുമായി മൂന്ന് വിക്കറ്റുകൾ വീഴ്ത്താനും നിതീഷിന് കഴിഞ്ഞു.

മത്സരത്തിൽ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. 181 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 61 റൺ‌സെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടം ഇന്ത്യയുടെ വിജയത്തിലേക്കെത്തിയില്ല. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.

Content Highlights: Harry Brook Mercilessly Sledges Nitish Kumar Reddy

dot image
To advertise here,contact us
dot image