
അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനവുമായി ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ക്രിക്കറ്റ് ലോകം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ട് താരങ്ങളും അമ്പയര്‍മാരുമെല്ലാം തന്നെ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്.
Indian and England players wearing black armbands and observing a minute's silence as a mark of respect for Ahmedabad plane victims. ❤️ pic.twitter.com/f78TXgQneX
— Mufaddal Vohra (@mufaddal_vohra) June 20, 2025
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജൂണ്‍ 13ന് ബെക്കിന്‍ഹാമില്‍ നടന്ന സന്നാഹ മത്സരത്തിലും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളിക്കാര്‍ കളത്തിലിറങ്ങിയത്. വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിനുമായി മത്സരത്തിന് മുമ്പ് താരങ്ങള്‍ ഒരുമിനിറ്റ് മൗനമാചരിക്കുകയും ചെയ്തിരുന്നു.
അതേസമയം ഹെഡിങ്‌ലിയില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു.
Content Highlights: 1st Test: India, England players wear black armbands as tribute to Air India plane crash victims