
നീണ്ട 20 വര്‍ഷമായി കോമയില്‍ കഴിയുന്ന സൗദിയിലെ ഉറങ്ങുന്ന രാജകുമാരന് ഉണര്‍ന്നോ? 'വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രാജകുമാരന് തിരികെ ജീവിതത്തിലേക്ക് എത്തി, ഒരിക്കലും കൈവിടാതിരുന്ന പിതാവിന് നന്ദി' എന്ന കുറിപ്പും ഒരു ഫോട്ടോയും വീഡിയോയും എക്സില്‍ പങ്കുവയ്ക്കപ്പെട്ടതിനെത്തുടര്ന്നാണ് രാജകുമാരനെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
2005ല്‍ യുകെയിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്താണ് രാജകുമാരനായ അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ വാഹനാപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ തലച്ചോറിന് വലിയ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് കോമയിലാകുകയുമായിരുന്നു.
വര്‍ഷങ്ങളായി മെക്കാനിക്കല്‍ വെന്റിലേഷനെയും ഫീഡിംഗ് ട്യൂബിനെയും ആശ്രയിച്ച് രാജകുമാരന് ലൈഫ് സപ്പോര്‍ട്ടിലാണ് ജീവിച്ചുവന്നിരുന്നത്. അവസാനമായി 2009ലാണ് അദ്ദേഹം വിരലുകള്‍ അനക്കുകയും തല ഒരുവശത്തേക്ക് ചലിപ്പിക്കുകയും ചെയ്തത്. എന്നാലിപ്പോള്‍ കഴിഞ്ഞ ഏപ്രിലില്‍ 36-ാം പിറന്നാള്‍ പൂര്‍ത്തിയാക്കിയ രാജകുമാരന് കോമയില്‍ നിന്ന് ഉണര്‍ന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് രോഗമുക്തി നേടുന്നു എന്ന തരത്തിലുളള വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ രാജകുമാരന്റേത് എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണെന്നും പ്രമുഖ വ്യവസായിയും മോട്ടോര്‍ സ്പോര്‍ട്ട് ചാമ്പ്യനുമായ യാസിദ് മുഹമ്മദ് അല്‍ -രാജ്ഹിയുടെ വീഡിയോയാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്റെ ചിത്രത്തോടൊപ്പം പ്രചരിച്ചതെന്നും സ്ഥിരീകരണമുണ്ട്. ബാജ ജോര്ജാന് റാലിക്കിടയില്‍ ഉണ്ടായ ഒരു റേസിങ് അപകടത്തില്‍ യാസിദ് മുഹമ്മദ് അല്‍-രാജ്ഹിക്ക് പരിക്ക് പറ്റിയിരുന്നു. അദ്ദേഹം ആശുപത്രിയില്‍ വച്ച് രോഗമുക്തി നേടുന്നതിന്റെ ചിത്രങ്ങളാണ് രാജകുമാരന്റേത് എന്ന പേരില്‍ പ്രചരിക്കപ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടര്‍മാര്‍ രാജകുമാരനെ ലൈഫ് സപ്പോര്‍ട്ടില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവ് അല്‍-വലീദ് ബിന്‍ തലാല്അല് സൗദ് അത് സമ്മതിച്ചില്ല. പിതാവ് ഖാലിദ് ബിന്‍ തലാലും അമ്മ രാജകുമാരി റീമ ബിന്ത് തലാലും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം രാജകുമാരന് ആരോഗ്യവാനായി തിരിച്ചുവരുമെന്ന് അചഞ്ചലമായ പ്രത്യാശ പ്രകടിപ്പിക്കുന്നത് തുടരുകയാണ്.
ഇത്രയും നീണ്ട കോമയ്ക്ക് ശേഷം ഒരാള്‍ സുഖം പ്രാപിക്കുന്നത് വൈദ്യശാസ്ത്രപരമായി സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മാറ്റം ഉണ്ടാവുമെന്നാണ് കുടുംബത്തിന്റെ പ്രത്യാശ.
Content Highlights :Has the sleeping Saudi prince, who has been in a coma for 20 years, woke up? This is the truth behind that video