'1970നേക്കാള്‍ കഷ്ടം 2025ലെ ജീവിതം'; വൈറലായി യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌

2025 ആണോ, 1970 ആണോ മനുഷ്യർ ജീവിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലം?

dot image

ചെറുപ്പം മുതൽ നമ്മൾ കേട്ടുവളരുന്ന ചില കഥകളില്ലേ.. നമ്മുടെ അച്ഛനമ്മമാർ അവരുടെ പഠനകാലത്ത്, ജീവിതകാലത്ത് ഒക്കെ അനുഭവിച്ച പ്രശ്‌നങ്ങളെയും, ദുരിതങ്ങളെയുമൊക്കെ പറ്റി. അവർ ജീവിച്ച പോലെ ഒരു ബുദ്ധിമുട്ടുള്ള സഹചര്യത്തിൽ നമുക്ക് ജീവിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നല്ലോ, എന്നാൽ ആ കാലത്തേക്കാൾ ബുദ്ധിമുട്ടാണ് ഈ കാലത്തെ അതിജീവനം എന്ന് വ്യക്തമാക്കുകയാണ് ഡൽഹിയിൽ നിന്നുള്ള സംരംഭകൻ. തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ബിനോലൂപ്പ് എന്ന സംരംഭത്തിന്റെ സ്ഥാപകനായ ഹിമാൻഷു കൽറ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ ആരംഭിക്കാൻ കാരണമായി. 1970കളിലെ ഒരു മധ്യവർഗ കുടുംബവും, 2025ലെ മധ്യവർഗ കുടുംബവും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹിമാൻഷുവിന്റെ കുറിപ്പ്.

'1970കളിൽ ഒരു ശരാശരി മനുഷ്യന്റെ ജീവിതം എങ്ങനെയായിരുന്നു. നിങ്ങൾ പഠിക്കുന്നു, കോളേജിൽ പോകുന്നു, ബിരുദധാരിയാകുന്നു, ജോലി നേടുന്നു, ശമ്പളം വാങ്ങുന്നു, വിവാഹം കഴിക്കുന്നു. രണ്ടോ, മൂന്നോ കുട്ടികളെ വളർത്തുന്നു, അഞ്ച് പേരടങ്ങുന്ന കുടുംബത്തെ നയിക്കുന്നു. നിങ്ങൾ ജീവിതം എങ്ങനെ ആയിരിക്കണമെന്നത് നേരത്തെ വരച്ച് വച്ചിരുന്നു.' ഹിമാൻഷു തന്റെ കുറിപ്പിൽ എഴുതി.

എന്നാൽ 2025ൽ അത്തരമൊരു ജീവിതം സാധ്യമല്ലെന്നും, ഈ കാലഘട്ടത്തിൽ ജീവിതം അൽപ്പം കൂടി സങ്കീർണമാണെന്നും ഹുമാൻഷു വ്യക്തമാക്കുകയാണ്. 'കോളേജിൽ പോകാൻ ദശലക്ഷക്കണക്കിന് ആളുകളുമായി മത്സരിക്കുകയും, വിദ്യാഭ്യാസ വായ്പ്പകളെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും വേണം. എന്നാൽ ഇത്ര കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയാലോ, രണ്ട് വർഷത്തിനുള്ളിൽ നമ്മൾ പഠിച്ചതിൽ നിന്ന് മാറി ലോകം പുതിയ തലത്തിലേക്ക് സഞ്ചരിച്ചിട്ടുണ്ടാകും. പിന്നെ ജോലി നേടാനുള്ള നെട്ടോട്ടമാണ്, ഒരു ജോലി കിട്ടുക എന്നത് ശ്രമകരമാണ്. പിന്നെ ആളുകളുടെ ചോദ്യങ്ങൾ, അർത്ഥം വച്ചുള്ള സംസാരങ്ങൾ ഇവയെല്ലാം അതിനിടയിൽ ഉണ്ടായിരിക്കും. വിവാഹം കഴിക്കുന്നു, കുഞ്ഞുണ്ടാകുന്നു, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികൾ പാടുപെടുന്നത് നമുക്ക് കാണാനാകും. ഇതിനെല്ലാം പുറമെ ദുർബലമാകുന്ന മാനസികാവസ്ഥയും.' ഹിമാൻഷി ഈ കാലഘട്ടത്തിലെ ആളുകളുടെ പ്രതിനിധീകരിച്ചുകൊണ്ട് പറഞ്ഞു.

ഹിമാൻഷിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി മറുപടികളായിരുന്നു കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെട്ടത്. ഹിമാൻഷിയുടെ വാദം ശെരിയാണെങ്കിലും ജനസംഖ്യാ വർധനവ് ഇതിലെ ഒരു പ്രധാന പ്രശ്‌നമാണെന്ന് കമന്റ് ബോക്‌സിൽ ഒരാൾ ചൂണ്ടിക്കാണിച്ചു. ജനസംഖ്യ കൂടുതലായതിനാലാണ് എല്ലായിടത്തും പ്രവേശന പരീക്ഷകൾ ആവശ്യമായി വരുന്നതെന്നും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി.

'2025ൽ ലഭിക്കുന്ന അവസരങ്ങൾ 1970ലെക്കാൾ കൂടുതലാണ് എന്നത് ശെരി തന്നെ എന്നാൽ, 1970ൽ അവസരങ്ങൾ അന്വേഷിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി ആളുകൾ ഇന്ന് അവസരങ്ങൾ തേടി നടക്കുന്നുണ്ട്. ഇതാണ് കാലഘട്ടങ്ങൾ തമ്മിലുള്ള വ്യത്യാസം.' മറ്റൊരാൾ ഹിമാൻഷിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

ആ കാലമാണോ, അതോ ഇന്നത്തെ കാലമാണോ ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ട് എന്ന ചർച്ചയിലേക്കാണ് ഹിമാൻഷിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയെ നയിച്ചിരിക്കുന്നത്.

Content Highlight; Delhi Man’s Post on 1970 vs 2025 Middle Class Goes Viral

dot image
To advertise here,contact us
dot image