ഷാന്റോയ്ക്കും മുഷ്ഫിഖറിനും സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിന് മികച്ച തുടക്കം

നാലാം വിക്കറ്റിൽ ഷാന്റോയും റഹീമും ഒത്തുചേർന്നതോടെയാണ് ബം​ഗ്ലാദേശ് സ്കോർ മുന്നോട്ട് നീങ്ങിയത്

dot image

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബം​ഗ്ലാദേശിന് മികച്ച തുടക്കം. ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയുടെയും മുഷ്ഫിഖർ റഹീമിന്റെയും സെഞ്ച്വറി മികവിലാണ് ബം​ഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ഇരുവരും പുറത്താകാതെ നിൽക്കുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ബം​ഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയാണ്.

നേരത്തെ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വലിയ തകർച്ചയെയാണ് ബം​ഗ്ലാദേശ് ടീം മുന്നിൽ കണ്ടത്. 45 റൺസിൽ എത്തിയപ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകൾ ബം​ഗ്ലാദേശിന് നഷ്ടമായിരുന്നു. ഷദ്മാൻ ഇസ്ലാം 14 റൺസോടെയും മൊമിനൂൾ ഹഖ് 29 റൺസോടെയും പുറത്തായി. അനമുൾ ഹഖിന് റൺസെടുക്കാൻ സാധിച്ചില്ല.

നാലാം വിക്കറ്റിൽ ഷാന്റോയും റഹീമും ഒത്തുചേർന്നതോടെയാണ് ബം​ഗ്ലാദേശ് സ്കോർ മുന്നോട്ട് നീങ്ങിയത്. 260 പന്തിൽ 14 ഫോറും ഒരു സിക്സറും സഹിതം ഷാന്റോ 136 റൺസുമായി ക്രീസിലുണ്ട്. 186 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 105 റൺസുമായാണ് മുഷ്ഫിഖർ ബാറ്റിങ് തുടരുന്നത്. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ ഇതിനോടകം 257 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. ശ്രീലങ്കൻ ബൗളിങ് നിരയിൽ തരിന്ദു രത്നായകെ രണ്ടും അസിത ഫെർണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Bangladesh done very well with bat in Day 1 against Sri Lanka

dot image
To advertise here,contact us
dot image