
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയും മുഷ്ഫിഖർ റഹീം ചേർന്ന് അടിച്ചെടുതത്ത് ചരിത്രനേട്ടം. ഇരുവരും ചേർന്ന ഇനിയും പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇതുവരെ 247 റൺസാണ് കൂട്ടിച്ചേർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് താരങ്ങൾ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സമാനമായി മറ്റൊരു ചരിത്ര നേട്ടത്തിന് അരികിലാണ് ബംഗ്ലാദേശ് താരങ്ങൾ.
20 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ ബംഗ്ലാദേശിന് വേണ്ടി നാലാം വിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരങ്ങളെന്ന റെക്കോർഡ് ഷാന്റോയ്ക്കും മുഷ്ഫിഖറിനും തകർക്കാൻ കഴിയും. 2018ൽ മിർപൂരിൽ സിംബാബ്‍വെയ്ക്കെതിരെ മുഷ്ഫിഖർ റഹീമും മൊമിനൾ ഹഖും ചേർന്ന് നേടിയ 266 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ റെക്കോർഡ്.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നജ്മുൾ ഹൊസൈൻ ഷാന്റോയുടെയും മുഷ്ഫിഖർ റഹീമിന്റെയും സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ഇരുവരും പുറത്താകാതെ നിൽക്കുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയാണ്.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വലിയ തകർച്ചയെയാണ് ബംഗ്ലാദേശ് ടീം മുന്നിൽ കണ്ടത്. 45 റൺസിൽ എത്തിയപ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഷദ്മാൻ ഇസ്ലാം 14 റൺസോടെയും മൊമിനൂൾ ഹഖ് 29 റൺസോടെയും പുറത്തായി. അനമുൾ ഹഖിന് റൺസെടുക്കാൻ സാധിച്ചില്ല.
നാലാം വിക്കറ്റിൽ ഷാന്റോയും റഹീമും ഒത്തുചേർന്നതോടെയാണ് ബംഗ്ലാദേശ് സ്കോർ മുന്നോട്ട് നീങ്ങിയത്. 260 പന്തിൽ 14 ഫോറും ഒരു സിക്സറും സഹിതം ഷാന്റോ 136 റൺസുമായി ക്രീസിലുണ്ട്. 186 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 105 റൺസുമായാണ് മുഷ്ഫിഖർ ബാറ്റിങ് തുടരുന്നത്. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ ഇതിനോടകം 257 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. ശ്രീലങ്കൻ ബൗളിങ് നിരയിൽ തരിന്ദു രത്നായകെ രണ്ടും അസിത ഫെർണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: Record stand puts Bangladesh in command vs Sri Lanka