
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22-കാരിയായ മാതാവ് കുറ്റസമ്മതം നടത്തി. കൗണ്‍സിലിങ്ങിനിടെയാണ് യുവതി മൊഴി നല്‍കിയത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി പറഞ്ഞു.
പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ പറഞ്ഞു. 22കാരി മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാവ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.പ്രസവശേഷമാണ് യുവതി ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി.
കുഞ്ഞ് എവിടെ എന്ന ചോദ്യത്തിന് മാതാവ് വ്യക്തമായ മറുപടി നല്‍കിയില്ല.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.ഇലവുംതിട്ട പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
content highlights: 22-year-old mother suffocates her newborn baby; Woman says she gave birth alone