'ഇത് ഒരു സീസണിൽ മാത്രം സംഭവിക്കുന്നതാണ്'; വിരാട് കോഹ്‍ലി നൽകിയ പിന്തുണയെക്കുറിച്ച് ജോസ് ബട്ലർ

'വിരാട് കോഹ്‍ലി ഏതൊരു താരത്തിനും സഹായങ്ങൾ ചെയ്യുമായിരുന്നു.'

dot image

ഐപിഎല്ലിൽ ഒരിക്കൽ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലി തന്നെ സഹായിച്ച നിമിഷത്തെക്കുറിച്ച് സംസാരിച്ച് ഇം​ഗ്ലണ്ട് സൂപ്പർതാരം ജോസ് ബട്ലർ. രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിയതാണ് ജോസ് ബട്ലറെ ഐപിഎല്‍ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. എന്നാല്‍ 2023ലെ ഐപിഎല്ലിൽ താന്‍ മോശം പ്രകടനം നടത്തിയ സമയമുണ്ടായിരുന്നെന്നും അന്ന് വിരാട് കോഹ്ലി പറഞ്ഞ വാക്കുകള്‍ തന്നെ ഏറെ സഹായിച്ചെന്നും പറയുകയാണ് ജോസ് ബട്ലര്‍. ഒരൊറ്റ സീസണിലെ മോശം പ്രകടനത്തെ അത്ര വലിയ കാര്യമായി എടുക്കേണ്ടെന്നും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് ചെയ്യേണ്ടതെന്നും വിരാട് പറഞ്ഞതായി ബട്ലര്‍ പറയുന്നു.

'ഐപിഎല്‍ 2022ലെ സീസൺ എനിക്ക് മികച്ചതായിരുന്നു. ആ വർഷം ഞാൻ 868 റൺസ് അടിച്ചെടുത്തു. പക്ഷേ ഒരു ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോർഡ് വിരാട് കോഹ്‍ലിക്കാണ്. 973 റൺസാണ് 2016ലെ ഐപിഎല്ലിൽ കോഹ്‍ലി നേടിയത്. അത് അത്ഭുതകരമാണ്.

2022 എനിക്ക് മികച്ച സീസണായിരുന്നെങ്കിലും 2023ലെ ഐപിഎൽ സീസൺ പ്രയാസമേറിയതായിരുന്നു. മുന്‍ വര്‍ഷത്തിനോട് ഒപ്പം നില്‍ക്കുന്ന പ്രകടനം നടത്താനാകുമോ എന്ന ചോദ്യം നമ്മുടെ ഉള്ളില്‍ എപ്പോഴും ഉണ്ടാകുമല്ലോ,'

'ആ സീസണിൽ ഞാനും കോഹ്‍ലിയും ഒരേസമയത്താണ് പരിശീലനം നടത്തിയിരുന്നത്. അപ്പോൾ ഞാൻ ചില ചോദ്യങ്ങൾ കോഹ്‍ലിയോട് ചോദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം വിരാട് ബാറ്റിങ് പരിശീലനം കഴിഞ്ഞു വരുന്ന സമയത്തായിരുന്നു ഞാന്‍ ചോദിച്ചത്. 'ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷകളെ നിങ്ങൾ എങ്ങനെയാണ് മറികടക്കുന്നത്? എന്നുവെച്ചാൽ ക്രിക്കറ്റിൽ ഇപ്പോൾ മറ്റാരെക്കാളും താങ്കളെക്കുറിച്ച് ടീമിനും ആരാധകർക്കും പ്രതീക്ഷകളുണ്ടാകുമല്ലോ, എന്ന് ഞാന്‍ ചോദിച്ചു.

'വിരാട് കോഹ്‍ലി ഏതൊരു താരത്തിനും സഹായങ്ങൾ ചെയ്യുന്ന ആളാണ്. അന്ന് അദ്ദേഹം ഏറെ നേരം എന്നോട് സംസാരിച്ചു. ഒടുവില്‍ വിരാട് ഒരു കാര്യം എന്നോട് പറഞ്ഞു. 'നിങ്ങൾക്ക് ഇതൊരു മോശം സീസണായിരിക്കാം. അതിനെ അംഗീകരിക്കുക എന്നതേ നമുക്ക് ചെയ്യാനാകൂ. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് അടുത്തത്' എന്നായിരുന്നു വിരാടിന്‍റെ ആ വാക്കുകള്‍," ബട്ലർ സ്റ്റുവർട്ട് ബ്രോഡിന്റെ 'ഫോർ ദ് ലൗ ഓഫ് ക്രിക്കറ്റ്' പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.

Content Highlights: Jos Buttler on Virat Kohli, how Kohli helped him

dot image
To advertise here,contact us
dot image