
ഗൗതം ഗംഭീറിന്റെ അഭാവത്തിൽ ഇന്ത്യയുടെ മുൻ താരം വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം താത്ക്കാലികമായി ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ചെയര്‍മാൻ കൂടിയായ വിവിഎസ് ലക്ഷ്മണ്‍ നിയന്ത്രിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബപരമായ അടിയന്തര സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോച്ച് ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഹെഡ് കോച്ചാണ് ലക്ഷ്മൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപായി ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ ഇൻട്രാ സ്ക്വാഡ് മത്സരം കളിക്കുകയാണ് ഇപ്പോൾ. ലക്ഷ്മണായിരിക്കും ഗംഭീറിന്റെ അഭാവത്തിൽ ഇൻട്രാ സ്ക്വാഡ് മത്സരത്തിന്റെ മേൽനോട്ടം വഹിക്കുക എന്ന് റേവ്സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
VVS Laxman spotted with Indian team in England as no role confimedhttps://t.co/ES4GYgf5Ck#Bj88 #Baji #BjSports #Sports #Cricket #VVSLaxman #IndianCricket #TestCricket #CricketNews pic.twitter.com/N2rhi44nwX
— BJ Sports (@Bjsports_OFC) June 16, 2025
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണിന് കീഴിലുള്ള ഇന്ത്യ അണ്ടർ 19 ടീം ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ കളിക്കുന്നുണ്ട്. ജൂൺ 27നാണ് ജൂനിയർ ടീമിന്റെ മത്സരം ആരംഭിക്കുന്നത്. ആയുഷ് മാത്രേ ക്യാപ്റ്റനായ അണ്ടർ 19 ടീമിൽ വൈഭവ് സൂര്യവൻഷി ഉൾപ്പെടെയുള്ള കളിക്കാരുണ്ട്.
ജൂൺ 20ന് ആണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോഴേക്കും ഗംഭീർ ടീമിനൊപ്പം തിരികെ ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 പരമ്പരയിൽ ലക്ഷ്മണിന് കീഴിൽ ഇന്ത്യ കളിച്ചിരുന്നു.
Content Highlight: In Gautam Gambhir's absence, VVS Laxman oversees India's intra-squad game ahead of England Test series