ഇന്ത്യയ്ക്ക് തിരിച്ചടി; കോച്ച് ഗൗതം ഗംഭീര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, കാരണം തിരഞ്ഞ് ആരാധകര്‍

ജൂണ്‍ 20ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ല

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. പരമ്പരയിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. കുടുംബപരമായ അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗംഭീറിന്റെ അമ്മ സീമ ഗംഭീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗംഭീറിന്റെ അമ്മ ഇപ്പോഴും ഐസിയുവില്‍ തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചത്.

ജൂണ്‍ 20ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ഇന്ത്യ എ ടീമുമായി ചതുര്‍ദിന പരിശീലന മത്സരം കളിക്കാനിരിക്കെയാണ് ഗംഭീര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് ഗംഭീറായിരുന്നു.

രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ശുഭ്മാന്‍ ഗില്ലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത്, കോഹ്‌ലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അഭാവത്തില്‍ കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരയുടെ തയ്യാറെടുപ്പുകളെ ഗംഭീറിന്റെ മടക്കം ബാധിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.

Content Highlights: Head Coach Gautam Gambhir has flown back to India due to a family emergency

dot image
To advertise here,contact us
dot image