തകര്‍ത്തടിച്ച് ഔട്ടാവരുത്! ജയ്‌സ്വാളിന് 'സ്‌പെഷ്യല്‍ ക്ലാസു'മായി ഗംഭീർ; ഗ്രൗണ്ടില്‍ നീണ്ട ചര്‍ച്ച

താരത്തെ പ്രത്യേകം മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിച്ച് പരിശീലനം കര്‍ശനമാക്കിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍

dot image

ജൂണ്‍ 20ന് ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കായുളള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. പരിശീലനങ്ങള്‍ക്കായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. പരിശീലനത്തിനിടെയുള്ള ദൃശ്യങ്ങളും വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാളും കോച്ച് ഗൗതം ഗംഭീറും തമ്മിലുണ്ടായ ദീര്‍ഘനേരത്തെ ചര്‍ച്ചയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഭാവിയുടെ താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമാണ് ഓപണര്‍ യശസ്വി ജയ്സ്വാള്‍. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പോരാട്ടത്തിന്റെ നാലിന്നിങ്സില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്. ഇപ്പോള്‍ താരത്തെ പ്രത്യേകം മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിച്ച് പരിശീലനം കര്‍ശനമാക്കിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍.

ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ തുടരെ അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. നാല് ഇന്നിങ്‌സുകളിലുമായി 24, 67, 17, 5 എന്നിങ്ങനെയായിരുന്നു യശസ്വിയുടെ റണ്‍സ് സമ്പാദ്യം. ഇന്ത്യ എ ടീമും സീനിയര്‍ ടീമും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായാണ് ഗംഭീര്‍ ജയ്‌സ്വാളിനെ മാറ്റിനിര്‍ത്തി ഉപദേശിച്ചത്.

പരിശീലന സമയത്തിനിടെ കോച്ച് ഗൗതം ഗംഭീര്‍ ജയ്‌സ്വാളിനോട് രണ്ട് തവണ ദീര്‍ഘനേരം സംസാരിച്ചിരുന്നു. കൂടാതെ കൂടുതല്‍ സമയം നെറ്റ്‌സില്‍ ജയ്‌സ്വാള്‍ ബാറ്റിങ് പ്രാക്ടീസ് നടത്തുകയും ചെയ്തു. നെറ്റ്സില്‍ വ്യത്യസ്തങ്ങളായ ഷോട്ടുകള്‍ കളിപ്പിച്ചാണ് താരത്തിന്റെ പോരായ്മ പരിഹരിക്കാന്‍ കോച്ചടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ഫാസ്റ്റ്, സ്വിങ്, സ്പിന്‍ തുടങ്ങി എല്ലാതരും ബോളുകളും നേരിട്ടായിരുന്നു യുവതാരത്തിന്റെ ട്രെയിനിങ്.

Content Highlights: Yashasvi Jaiswal Has intense chat With India Coach Gautam Gambhir

dot image
To advertise here,contact us
dot image