'ഓസ്ട്രേലിയ മികച്ച ലീഡ് നേടി, 300 വിക്കറ്റുകൾ വലിയ നേട്ടമാണ്': പാറ്റ് കമ്മിൻസ്

'സമീപകാലത്ത് നിരവധി പരിക്കുകളോട് പൊരുതിയാണ് ഞാൻ ഈ നേട്ടത്തിലെത്തിയത്'

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ഓസ്ട്രേലിയയുടെ പ്രകടനത്തിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. താൻ പ്രതീക്ഷിച്ചതിലും മികച്ച ലീഡാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നതെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു. പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകളെന്ന തന്റെ വ്യക്തി​ഗത നേട്ടത്തെക്കുറിച്ചും കമ്മിൻസ് സംസാരിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകളെന്നത് വലിയൊരു സംഖ്യയാണ്. സമീപകാലത്ത് നിരവധി പരിക്കുകളോട് പൊരുതിയാണ് ഞാൻ ഈ നേട്ടത്തിലെത്തിയത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്തേണ്ടി വന്നു. ഈ നേട്ടത്തിൽ ഞാൻ സന്തോഷവാനാണ്. കമ്മിൻസ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് പിന്നാലെ പ്രതികരിച്ചു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് 2025 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഓസ്ട്രേലിയ വിജയപ്രതീക്ഷയിലാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 212 റൺസ് നേടിയിരുന്നു. 72 റൺസെടുത്ത ബ്യൂ വെബ്സറ്ററിന്റെയും 66 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടെംബ ബാവുമ 36 റൺസും സംഭാവന ചെയ്തു. ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ 174 റൺസിന്റെ ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിൽ 218 റൺസിന്റെ ലീഡുണ്ട്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ റൺസ് പോലും തിരിച്ചടിക്കാൻ കഴിയില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.

Content Highlights: Pat Cummins ecstatic after bagging massive milestone in WTC Final

dot image
To advertise here,contact us
dot image