കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്ത്; പക്ഷെ ദമ്പതികളുടെയും കൂട്ടുകാരുടെയും ബുദ്ധി പാളി

പണയത്തിനെടുത്ത കാറിലായിരുന്നു സംഘത്തിന്റെ മയക്കുമരുന്ന് കടത്ത്.

കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്ത്; പക്ഷെ ദമ്പതികളുടെയും കൂട്ടുകാരുടെയും ബുദ്ധി പാളി
dot image

കോവളം: കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. നഗരത്തിലും ഗ്രാമീണ മേഖലകളിലും വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35), ഭാര്യ രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.

ദമ്പതിമാരുടെ കുട്ടികളെയും കാറിലിരുത്തിയിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാനായിരുന്നു ഇത്. ബൈപ്പാസിലെ കോവളം ജംഗ്ഷനില്‍വെച്ച് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. അരക്കിലോ എംഡിഎംഎ, ഒന്‍പത് ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് സംഘം കണ്ടെടുത്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.

കാറില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം മഫ്തിയില്‍ കോവളത്ത് ഉണ്ടായിരുന്നു. തങ്ങളെ പിന്തുടരുന്നു എന്ന് തോന്നിയതിനെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ചാത്തന്നൂരില്‍ നിന്ന് പണയത്തിനെടുത്ത കാറിലായിരുന്നു സംഘത്തിന്റെ മയക്കുമരുന്ന് കടത്ത്. മൂന്നു മാസം മുന്‍പാണ് കാര്‍ പണയത്തിനെടുത്തത്. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുകളോട് കാറുമായി അവിടെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.

Content Highlights: Couple and friends arrested for smuggling drugs in car

dot image
To advertise here,contact us
dot image