
ആദ്യ സൂചനകൾ പുറത്തുവന്ന സമയം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവൽ. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ സിനിമ എപ്പോൾ റിലീസാകുമെന്ന് ചോദ്യമാണ് എല്ലാ ദിക്കിൽ നിന്നും നിരന്തരം ഉയരാറുള്ളത്. ഇപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിതിൻ കെ ജോസ്.
'റിലീസ് ഡേറ്റിൽ ഫൈനൽ തീരുമാനമായിട്ടില്ല. സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അവ ഏകദേശം പൂർത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഏറെ വൈകില്ല. ഏത് ദിവസമാണ് റിലീസ് എന്നതിൽ നിലവിൽ തീരുമാനായിട്ടില്ല. പക്ഷെ ഒട്ടും വൈകാതെ തന്നെ റിലീസ് ഡേറ്റിന്റെ കാര്യം അറിയിക്കും,' ജിതിൻ കെ ജോസ് പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവൽ. മുജീബ് മജീദ് ആണ് കളസംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ.
മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight : Mammmootty's Kalamkaval release update by director Jithin K Jose