സിപിഐഎം വിഎസിന്റെ 'രാഷ്ട്രീയം' തുടരുമോ? വി.എസ്.എങ്ങനെ കേരളത്തിന്റെ കണ്ണും കരളുമായി | രണ്ടാം ഭാഗം

'വി.എസിന്റെ രാഷ്ട്രീയം തുടരാന്‍ ഇനി സിപിഎമ്മിന് സാധിക്കുമോ?' സാധിക്കില്ല എന്നാണ് ഞാന്‍ കണ്ടെത്തുന്ന ഉത്തരം.

സി നാരായണന്‍
5 min read|30 Jul 2025, 10:32 am
dot image

വിഎസ് എന്ന ദ്വയാക്ഷരി ആലുപ്പുഴയുടെ വലിയ ചുടുകാട്ടില്‍ വിലയം പ്രാപിച്ചതിന്റെ പിറ്റേന്ന്, അതായത് ജൂലായ് 24ന് പുറത്തിറങ്ങിയ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിന്റെ തലക്കെട്ട് വളരെ ശ്രദ്ധേയമായിത്തോന്നി- 'തുടരും, പടരും' എന്നായിരുന്നു അത്. വി.എസിന്റെ രാഷ്ട്രീയം തുടരുമെന്നും വി.എസ്. തങ്ങളോരോരുത്തരിലേക്കും ഉയിര്‍വെട്ടമായി പടരുമെന്നും സിപിഎം എന്ന പ്രസ്ഥാനം അതിന്റെ മുഖപത്രത്തിലൂടെ പ്രഖ്യാപിക്കുന്നതാണ് ആ തലക്കെട്ട്. അത് തീര്‍ച്ചയായും ആഹ്ളാദകരം തന്നെ. എന്നാല്‍ ആ രണ്ടു വാക്കുകളുടെ ധ്വനികള്‍ ആലോചിച്ചപ്പോള്‍ ഉള്ളിലുണര്‍ന്ന ചോദ്യം ഇതായിരുന്നു: 'വിഎസിന്റെ രാഷ്ട്രീയം തുടരാന്‍ ഇനി സിപിഎമ്മിന് സാധിക്കുമോ?' സാധിക്കില്ല എന്നാണ് ഞാന്‍ കണ്ടെത്തുന്ന ഉത്തരം.

വി.എസിന്റെ നിലപാടുകളിലെ രാഷ്ട്രീയം നിരാകരിച്ച് സി.പി.എം. മുന്നോട്ടു പോയ ഒരു ദശാബ്ദം പുതിയകാലത്തോട് പറയുന്നത് അതാണ്. വി.എസിന്റെ ഉയിര്‍വെട്ടം ഓര്‍മയിലെ ആവേശമായി അണികളിലേക്ക് പടര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും അദ്ദേഹം പ്രാക്ടീസ് ചെയ്ത രാഷ്ട്രീയമൂല്യത്തിലേക്കുള്ള മടക്കം സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം വി.എസ്. എക്കാലത്തും വിയോജിച്ചിരുന്ന മുതലാളിത്ത വികസനമാതൃകയില്‍ നിന്നും, മാര്‍ക്കറ്റ് അധിഷ്ഠിത മൂലധന താല്‍പര്യങ്ങളില്‍ നിന്നും ഇനി കേരളത്തിലെ ഇടതുപക്ഷത്തിന് പിന്മാറാനാവില്ല. പാര്‍ടി ഇന്ന് പഴയ പാര്‍ടിയല്ല. സാമ്പത്തിക വികസനം സൃഷ്ടിക്കുന്ന പുതിയ ആവശ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഏത് പ്രത്യയശാസ്ത്രത്തിനും പഴയതു പോലെ തുടരാനാവില്ല. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്ന മാര്‍ക്സിയന്‍ പ്രവചനം തന്നെയാണ് സത്യം.

ആഗോളവല്‍ക്കരണത്തിന് മാനുഷിക മുഖം നല്‍കും എന്നൊക്കെ പറഞ്ഞ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍സിങിന്റെ കഥ നമ്മള്‍ കണ്ടതാണല്ലോ. അസമത്വങ്ങളുടെ ഇന്ത്യയായിരുന്നു ആഗോളവല്‍ക്കരണാനന്തരം വളര്‍ന്നുവന്നത്. കുമാരനാശാന്‍ 'ചിന്താവിഷ്ടയായ സീത'യില്‍ പറഞ്ഞതു പോലെ 'പുഴയൊഴുകും വഴി വേറെയാക്കിടാം' പക്ഷേ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ മനോഭാവങ്ങളെ മാറ്റുക അസാധ്യമാണ്. ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വി.എസ്. നിര്‍വ്വഹിച്ച റോള്‍ എന്തായിരുന്നു? അദ്ദേഹത്തിന്റെ കൂടുതല്‍ തിളക്കമുള്ള സംഭാവന എന്താണ്- ഈ ചോദ്യങ്ങള്‍ വി.എസിന്റെ അഭാവത്തില്‍ കൂടുതല്‍ പ്രസക്തമാണ്.

തൊണ്ണൂറുകളുടെ അവസാനത്തോടെ രാജ്യത്തെ ആഗോളവല്‍ക്കരണത്തിനു വിധേയമായ കേരളസമൂഹം പതുക്കെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുണ്ടായിരുന്നു. വികസനത്തില്‍ മണ്ണിനെയും മനുഷ്യനെയും മറക്കുന്ന മനോഭാവവും മൂലധനത്തിന്റെ മേല്‍ക്കൈയും പതുക്കെ വളരുന്നുണ്ടായിരുന്നു. ഇക്കാലത്താണ് സിപിഎം കേരളത്തിന്റെ ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തത്തിലേക്ക് വരുന്നത്. സമരോല്‍സുക മനസ്സുള്ളവരും കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന തുല്യനീതി താലോലിക്കുന്നവരുമായ പാര്‍ടി അണികളുടെ ചിന്തയ്ക്കൊപ്പം പാര്‍ടിക്ക് സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, മൂലധനാധിഷ്ഠിത വികസനത്തിന്റെ വക്താക്കളായിരിക്കാതെ ഭരണയന്ത്രം ചലിപ്പിക്കാനാവാത്ത അവസ്ഥ. നിരാശാബാധിതരുടെ വലിയ സമൂഹം പാര്‍ടിക്കകത്ത് പതുക്കെ വളരുന്നുണ്ടായിരുന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിത്തീരുന്നു എന്ന വിമര്‍ശനം. അത് പാര്‍ടിയുടെ ആന്തരികഘടനയില്‍ ഭൂകമ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന കാലം. ഇവിടെ വി.എസ്. മറുമരുന്നായി മാറിയിട്ടുണ്ട്. തങ്ങളിപ്പോഴും ആദര്‍ശങ്ങളുടെ ഇടതുപക്ഷം തന്നെയെന്ന് വിശ്വസിക്കാന്‍ അണികളില്‍ ഭൂരിഭാഗവും ആശ്രയിച്ചത് വി.എസിനെ ചൂണ്ടിയായിരുന്നു.

പാര്‍ടിയുടെ വലതുപക്ഷ വ്യാമോഹങ്ങളിലും വ്യതിയാനങ്ങളിലും ഖിന്നരായവരില്‍ ഒട്ടേറെ അനുയായികള്‍ക്ക് പാര്‍ടിയില്‍ വിശ്വസിക്കാന്‍ ഒരു ആശയം വേണമായിരുന്നു. അത് മിക്കപ്പോഴും നല്‍കിയതും അവരുടെ ആദര്‍ശഭാവനകളെ തൃപ്തിപ്പെടുത്തിയിരുന്നതും വി.എസിന്റെ നിലപാടുകളായിരുന്നു എന്നതാണ് സത്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വലിയ ചലനങ്ങള്‍ പാര്‍ടിയിലുണ്ടായപ്പോഴും വലിയ അടിയൊഴുക്കുകളും കൊഴിഞ്ഞുപോക്കുമില്ലാതെ അവസാനിച്ചതിനു കാരണം വി.എസ്. എടുത്ത ബദല്‍ നിലപാടുകള്‍ മാത്രമായിരുന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധവും പൊതുജീവിതത്തിലെ സംശുദ്ധിയും സാധാരണക്കാരില്‍ ഒരുവന്‍ എന്ന പ്രതിച്ഛായയും അദ്ദേഹത്തെ കുട്ടികള്‍ക്കു കൂടി അവരുടെ അച്ചുമാമനാക്കി മാറ്റി.

വി.എസിന്റെ നിലപാടുകള്‍ വിഭാഗീയമായിരുന്നു എന്നതിനാലാണ് അദ്ദേഹത്തിന് വലിയ ശിക്ഷ നല്‍കണമെന്ന് പാര്‍ടിയിലെ എതിര്‍പക്ഷം ആഗ്രഹിച്ചത്. വി.എസിന്റേത്് പ്രത്യയശാസ്ത്ര നിലപാടുകളായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്ന കാലം വിദൂരമല്ല. മാറ്റാനും ഉദാരമാക്കാനും പാടില്ലാത്തതല്ല പ്രത്യയശാസ്ത്ര സമീപനങ്ങളെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി 1964-ല്‍ പിളരുമായിരുന്നില്ല. ആഗോളവല്‍ക്കരണവും ഒപ്പം കമ്മ്യൂണിസം ആഗോളമായി നേരിട്ട പതനവും ചൈനയിലെ മുതലാളിത്ത മാതൃകയിലുളള വികസനവും കേരളത്തിലെ സിപിഎമ്മില്‍ ഉണ്ടാക്കിയ മനോഭാവ ഉദാരവല്‍ക്കരണത്തിന് എതിരായിരുന്നു വി.എസിന്റെ നിലപാടുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അടിസ്ഥാന നിലപാടുകളാണ് സത്യത്തില്‍ വി.എസ്. ഉയര്‍ത്തിപ്പിടിച്ചത്, ആ നിലപാടുകളില്‍ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരുന്നതിനെയാണ് വിമര്‍ശകര്‍ വിഭാഗീയത എന്നു വിളിച്ചത്.

വി.എസിന്റെ രാഷ്ട്രീയ നിലപാടുകളെ അഞ്ചു തരമായി ഉദാഹരിക്കാം

1.മൂലധന, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ : ഏറ്റവും പ്രധാനമായ ഒന്നായിരുന്നു എ.ഡി.ബി-ലോക ബാങ്ക് വിരുദ്ധ നിലപാടുകള്‍. ധനമന്ത്രി തോമസ് ഐസകിനോട് വി.എസ്. ഇതിന്റെ പേരില്‍ പരസ്യമായി ഇടഞ്ഞിട്ടുണ്ട്.(പാര്‍ടി പിന്നീട് ചെയ്തത് അന്താരാഷ്ട്ര നാണയനിധിയുടെ തലപ്പത്തുള്ള മലയാളിവേരുള്ള വനിതയെ കേരളത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു.) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മൈക്രോസോഫ്റ്റ് പിടിമുറുക്കുന്നതിനെതിരെ, സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിക്കൊണ്ട് വി.എസ്. ആഗോളകുത്തകകള്‍ക്ക് നല്‍കിയ സന്ദേശം എത്ര ശക്തമായിരുന്നു എന്നോര്‍ക്കുക.

  1. ഭൂവിനിയോഗം, തൊഴിലാളി-കര്‍ഷക അവകാശം: 1980-കളില്‍ ആലപ്പുഴയില്‍ വെട്ടിനിരത്തല്‍ എന്ന് പരിഹസിക്കപ്പെട്ട സമരം. സത്യത്തില്‍ അത് ഭൂവിനിയോഗവും കര്‍ഷകത്തൊഴിലാളികളുടെ അവകാശവുമായി നേരിട്ടു ബന്ധപ്പെട്ട സമരമായിരുന്നു. വയല്‍ നികത്തി നാണ്യവിളകള്‍ നടുന്നതിനെതിരായ സമരമായിരുന്നു. കൃഷിഭൂമി സംരക്ഷണത്തിനായുള്ള സമരം ചെറുകിട കര്‍ഷകരുടെ ഭൂമിയില്‍ ഒതുങ്ങിപ്പോയതാണ് തിരിച്ചടിയായത്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് ഭരണം തന്നെ തൂത്തെറിയപ്പെട്ടതിനു നിമിത്തമായത് കൃഷിഭൂമി തരം മാറ്റാനുള്ള ഭരണകൂട നടപടിയായിരുന്നു എന്നത് ചരിത്രത്തിലെ ഓര്‍മ. മൂന്നാറിലെ വന്‍കിട കോര്‍പറേറ്റുകളുടെ ആയിരക്കണക്കിനേക്കര്‍ കയ്യേറ്റഭൂമി പിടിച്ചെടുക്കാനുള്ള ദൗത്യം പാതിവഴിയില്‍ പരാജയപ്പെട്ടുവെങ്കിലും അത് വി.എസിനെ കേരളചരിത്രത്തില്‍ അവിസ്മരണീയനാക്കിയ മുന്നേറ്റമായി മാറി. കയ്യേറി കെട്ടിയ വന്‍ റിസോര്‍ട്ടുകള്‍ തകര്‍ന്നു വീണു. പില്‍ക്കാലത്തെ ഭൂമികയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലുകള്‍ക്ക് വലിയ പ്രചോദനമായി മാറിയത് മൂന്നാര്‍ ദൗത്യമാണ്. മുത്തങ്ങ സമരത്തിനും 'പൊമ്പിളൈ ഒരുമൈ' സമരത്തിനും നല്‍കിയ ഐക്യദാര്‍ഢ്യവും (സമരക്കാര്‍ തങ്ങളെ അഭിവാദ്യം ചെയ്യാന്‍ അനുവദിച്ച ഏക നേതാവ് വി.എസ്. മാത്രമായിരുന്നു. സമരസ്ഥലത്ത് വരാന്‍ ശ്രമിച്ച അന്നത്തെ സ്ഥലം എം.എല്‍.എ. എസ്. രാജേന്ദ്രനെ ഉടുമുണ്ട് പറിച്ച് ഓടിച്ച സംഭവവും ഓര്‍ക്കുക.) എച്ച്.എം.ടി. ഭൂമി ഇടപാടിലും മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിലും വി.എസ്. ഉയര്‍ത്തിയ എതിര്‍പ്പും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു. എച്ച് എം ടി ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീമുമായും മെര്‍ക്കിസ്റ്റണില്‍ വനം മന്ത്രി ബിനോയ് വിശ്വവുമായും മുഖ്യമന്ത്രിയായ വി.എസ്. കൊമ്പുകോര്‍ത്തത് മറക്കാനാവാത്തതാണ്.
  2. പരിസ്ഥിതി നശീകരണം:സൈലന്റ് വാലി മുതല്‍ കൂടംകുളം വരെയുള്ള വി.എസിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ അളവുകോലായി വിലയിരുത്തപ്പെടും. സൈലന്റ് വാലി സംരക്ഷണബോധം ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എത്രമാത്രം പ്രധാനമായിരുന്നു എന്ന് മനസ്സിലാകും. പാര്‍ടിയുടെ നിലപാടിനെതിരെയായതിനാല്‍ പൊളിറ്റ് ബ്യൂറോ അന്ന് വി.എസിനെ താക്കീത് ചെയ്തു. ഏറ്റവും ഒടുവില്‍ കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭത്തിലും പാര്‍ടി നിലപാടിനെതിരായി വി.എസ്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരനായകന്‍ എസ്.പി.ഉദയകുമാറുമായി കൂടിക്കാഴ്ചയ്ക്കായി വി.എസ്. പോയത് വന്‍ വാര്‍ത്തയായി. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ യജ്ഞം വി.എസിന്റെ ഭൂമി, പരിസ്ഥിതി സങ്കല്‍പത്തിന്റെ ഉല്‍പന്നമായി ഉരുവായതായിരുന്നു.
  3. അഴിമതിക്കെതിരെ കുരിശുയുദ്ധം:ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ശിക്ഷ, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറിമാഫിയാ രാജാവിനെ തകര്‍ത്തത് എന്നിവ ഉദാഹരണം. അതേസമയം, ലാവ്ലിന്‍ കേസില്‍ പിണറായിവിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്വന്തം കാബിനറ്റില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രതികരണവും നിലപാടുകളുമാണ് വി.എസിന്റെ വിഭാഗീയ വൈരാഗ്യമായി കരുതപ്പെടുന്നത്. തന്റെ തോളത്തിരുന്ന് ഉയര്‍ന്നു പോയ ശേഷം, തന്നെ തീര്‍ത്തും തകര്‍ത്തു കളഞ്ഞ നീക്കങ്ങളുടെ സൂത്രധാരന്‍ എന്ന നിലയില്‍ വി.എസ്. പിണറായിക്കെതിരെ നീങ്ങി എന്നത് വസ്തുത തന്നെയാണ്. ഇതില്‍ പാര്‍ടിയിലെ വ്യക്തിവൈരാഗ്യത്തിന്റെ ചുവയുണ്ടു താനും. പിണറായി പാര്‍ടി സംഘടനയെ ഉപയോഗിച്ച് വി.എസിന് കുരുക്കുകള്‍ തീര്‍ത്തപ്പോള്‍ വി.എസ്. ക്രൂശിതന്റെ പ്രതിച്ഛായ കൊണ്ട് തിരിച്ചടിച്ചു. ഒന്ന് പാര്‍ടിക്കകത്തും രണ്ടാമത്തേത് പാര്‍ടിക്കു പുറത്തുമുളള പോരാട്ടമായപ്പോഴാണ് പിണറായി പാര്‍ടിയുടെ സംരക്ഷകനും വി.എസ്. പാര്‍ടിയെ തകര്‍ക്കുന്നയാളുമായി മുദ്രയടിക്കപ്പെട്ടത്.
  4. സ്ത്രീ നീതി: സ്ത്രീ ചൂഷണത്തിനെതിരായ വി.എസിന്റെ കൊടുങ്കാറ്റുകള്‍ സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, വിതുര, ഐസ് ക്രീം പെണ്‍വാണിഭക്കേസുകളില്‍ ഒതുങ്ങുന്നില്ല. സ്ത്രീകളെ മുതലാളിത്ത സംസ്‌കാരത്തിന്റെ ഉപഭോഗച്ചരക്കായി കാണുന്നതിനെതിരായ വിശാലമായ കാഴ്ചപ്പാടിന്റെ മുദ്രകള്‍ വി.എസിന്റെ ജീവിതത്തില്‍ ഉടനീളം കാണാം.
  5. മാനവികത:ഹൃദയവാനായ മനുഷ്യനാകണം എന്ന കമ്മ്യൂണിസ്റ്റ് മാനവികബോധത്തിലുറച്ചു നിന്നപ്പോള്‍ അതെല്ലാം പലപ്പോഴും പാര്‍ടിക്കെതിരായ നീക്കം പോലുമായി എന്നതാണ് വി.എസ്.നേരിട്ട വൈരുദ്ധ്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം കുലംകുത്തിയാണെന്ന് പിണറായി ആക്ഷേപിച്ചപ്പോള്‍, ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി എന്നാണ് വി.എസ്. വിശേഷിപ്പിച്ചത്. ടി.പിയുടെ വീട് സന്ദര്‍ശിച്ച് ഭാര്യ രമയെ ആശ്വസിപ്പിച്ച രംഗം മലയാളികള്‍ മറക്കില്ല. നെയ്യാറ്റിന്‍കരയിലെ സിപിഎം എം.എല്‍.എ. സെല്‍വരാജ് കോണ്‍ഗ്രസിലേക്ക് കൂടുമാറിയതിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പു നടക്കുന്ന ദിവസമായിരുന്നു രമയെ സന്ദര്‍ശിക്കാന്‍ വി.എസ്. തിരഞ്ഞെടുത്തത്. ഇത് സിപിഎം നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിക്കും എന്നറിഞ്ഞു കൊണ്ടുതന്നെയായിരുന്നു. വി.എസിനെതിരായ ഏറ്റവും വലിയ ആരോപണങ്ങളിലൊന്നായി ഇത് മാറി. പക്ഷേ അദ്ദേഹം അതൊന്നും വകവെച്ചില്ല. പാര്‍ടി ഉള്‍പ്പെടുന്ന അക്രമരാഷ്ട്രീയത്തിനെ വി.എസ്. പരസ്യമായിത്തന്നെ അപലപിച്ചു.

2005 മുതല്‍ 2015 വരെയുള്ള പത്തു വര്‍ഷം വി.എസ്. അച്യുതാനന്ദന്‍ എന്ന ശക്തനായ നേതാവിനെ പാര്‍ടിക്കുള്ളില്‍ വെട്ടിനിരത്തി നിരായുധനാക്കിയ കാലമായിരുന്നു. ഒപ്പമുണ്ടായിരുന്ന അനേകം നേതാക്കള്‍ മുതല്‍ കാലാള്‍പ്പട വരെ വി.എസിനെ കൈവിട്ട് സ്വന്തം സുരക്ഷ നോക്കിയ കാലവുമായിരുന്നു. എന്നിട്ടും ഒറ്റയാനെപ്പോലെ നിലകൊണ്ട വി.എസ്. തന്റെ നിലപാടുകളില്‍ ഒരയവും വരുത്തിയില്ല. അകത്തെ വെട്ടിനിരത്തലിനെ അദ്ദേഹം പ്രതിരോധിച്ചത് ജനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ഇറങ്ങി, അവര്‍ക്ക് കൂടുതല്‍ സ്വീകാര്യനും ആരാധാനാപാത്രവുമായി അവരുടെ പിന്തുണയുടെ അപാരശേഷി ഉപയോഗപ്പെടുത്തിയായിരുന്നു. വി.എസ്. എന്ന കാര്‍ക്കശ്യബിംബം ജനങ്ങളുടെ കണ്ണും കരളുമായിത്തീര്‍ന്നതിന്റെ രാസമാറ്റത്തിന്റെ തുടക്കം. പാര്‍ടിക്കകത്ത് പരാജയം ഭക്ഷിച്ച് ജീവിച്ച വി.എസ്. പാര്‍ടിക്കു പുറത്ത് വിജഗീഷുവായി. ചരിത്രം പലപ്പോഴും പരാജിതരുടെതു കൂടിയാണ് എന്ന് പ്രൊഫ.എം.എന്‍.വിജയന്‍ ഒരിക്കല്‍ പറഞ്ഞത് വി.എസിനും തീര്‍ച്ചയായും യോജിക്കും. വി.എസിന്റെ നിലപാടു തറയില്‍ ഇനിയാരുണ്ട്….ചോദ്യം പ്രസക്തമാണ്, ഉത്തരം തേടുകയുമാണ്.

Content Highlights: Narayanan C Thaliyil writes about VS Achuthanandan

dot image
To advertise here,contact us
dot image