വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചു; നിക്കോളാസ് പുരാന്‍ ഇനി പുതിയ റോളില്‍

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന പുരാന്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്

dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 29 വയസ് മാത്രമുള്ളപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ പുതിയ റോളില്‍ എത്തിയിരിക്കുകയാണ് നിക്കോളാസ് പുരാന്‍.

അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്റെ ക്യാപ്റ്റനായി പുരാനെ നിയമിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍ എന്നിവരും എം ഐ ന്യൂയോര്‍ക്കിലെ അംഗങ്ങളാണ്. ജൂണ്‍ 13 വെള്ളിയാഴ്ചയാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനെതിരെ ജൂണ്‍ 14നാണ് എം ഐ ന്യൂയോര്‍ക്കിന്റെ ആദ്യ മത്സരം. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്‌കോറര്‍.

കഴിഞ്ഞ കുറച്ച് കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന പുരാന്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. ബുദ്ധിമുട്ടായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വിരമിക്കല്‍ പോസ്റ്റില്‍ എഴുതി. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി അഞ്ച് അര്‍ധസെഞ്ച്വറികളടക്കം 196.25 സ്‌ട്രൈക്ക് റേറ്റില്‍ 524 റണ്‍സെടുത്ത് തിളങ്ങിയ പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരവും റണ്‍ നേടിയ താരവുമാണ്.

2016ല്‍ അന്താരാഷ്ട്ര വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം 61 ഏകദിനങ്ങളും 106 ടി-20 മത്സരങ്ങളും പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിട്ടുണ്ട്. 2019ല്‍ ആരംഭിച്ച ഏകദിന കരിയറില്‍ മൂന്ന് സെഞ്ച്വറികളും 11 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 39.66 ശരാശരിയിലും 99.15 സ്ട്രൈക്ക് റേറ്റിലും 1983 റണ്‍സ് നേടാന്‍ പുരാന് സാധിച്ചു.

അന്താരാഷ്ട്ര ടി-20യില്‍ 97 ഇന്നിങ്സുകള്‍ കളിച്ച പുരാന്‍ 136.39 സ്ട്രൈക്ക് റേറ്റില്‍ 2275 റണ്‍സ് നേടിയിട്ടുണ്ട്. 13 അര്‍ധശതകം തികച്ച താരം വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി-20 റണ്‍സ് നേടിയ താരമായാണ് വിരമിക്കുന്നത്.

Content Highlights: Nicholas Pooran to lead MI New York in 2025 MLC after ending international career

dot image
To advertise here,contact us
dot image