ടി20യിൽ വിൻഡീസിനായി കൂടുതൽ റൺസെടുത്ത താരം; പുരാൻ വിരമിക്കുന്നത് നിരവധി റെക്കോർഡുകളുമായി

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് പുരാൻ

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ. 29 വയസ് മാത്രമുള്ളപ്പോൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ വിരമിച്ചെങ്കിലും ചില റെക്കോർഡുകൾ പുരാൻ സ്വന്തം പേരിലാക്കി. അവയിൽ ചിലത് നോക്കാം.

ട്വന്റി 20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് നിക്കോളാസ് പുരാൻ. വിൻഡീസിനായി 97 ഇന്നിങ്‌സുകള്‍ കളിച്ച പുരാന്‍ 136.39 സ്‌ട്രൈക്ക് റേറ്റില്‍ 2275 റണ്‍സ് നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് പുരാൻ. 149 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പുരന്റെ ബാറ്റിൽ നിന്ന് പിറന്നത്. ജോസ് ബട്ലർ 165, മാർട്ടിൻ ​ഗുപ്റ്റിൽ 173, രോഹിത് ശർമ 205 എന്നിവരാണ് പുരാന് മുന്നിലുള്ളത്.

വെസ്റ്റ് ഇൻഡീസിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോർഡും പുരനാണ്. 1,433 റൺസാണ് കരീബിയൻ മണ്ണിൽ പുരാൻ അടിച്ചെടുത്തത്.

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടിയ താരവും പുരാനാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുരാൻ പുറത്താകാതെ 98 റൺസ് നേടിയിരുന്നു. ഇതേ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ നേടാനും സാധിച്ചിരുന്നു. അഞ്ച് വിക്കറ്റിന് 218 റൺസാണ് വിൻഡീസ് മത്സരത്തിൽ നേടിയത്.

Content Highlights: Nicholas Pooran clocked these prominent records in T20I cricket 

dot image
To advertise here,contact us
dot image