
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന സിനിമയുടെ ട്രെയ്ലർ എത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയെ ഒട്ടും തന്നെ തളർത്താതെയാണ് ട്രെയ്ലർ എത്തിച്ചിരിക്കുന്നത്. പെർഫോമൻസും, മ്യൂസിക്കും, ഫൈറ്റും, എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഇക്കുറിയും ലോകേഷ് പേരെടുക്കും എന്ന കാര്യത്തിൽ തീർച്ചയാണെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മലയാളി നടൻ സൗബിനും ട്രെയിലറിൽ മികച്ചതായാണ് കാണുന്നത്. ആമിർ ഖാന്റെ ലുക്കിനെയും നാഗാർജുന്റെ പ്രകടനത്തിനും നല്ല പ്രതികരണങ്ങളാണ് എത്തുന്നത്. രജനികാന്ത് ആരാധകർക്ക് അദ്ദേഹത്തെ കൊണ്ടാടാനുള്ളതെല്ലാം സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഞൊടിയിടയിലാണ് ട്രെയ്ലർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: coolie trailer out now