98-ാം വയസിലും തീരാത്ത സാഹിത്യഭ്രമം; എഴുതിയത് തപസ്വിനി അമ്മയെ കുറിച്ചും; അവസാനവും ചരിത്രം ഓർമിപ്പിച്ച സാനു മാഷ്

മറവിയിലേക്ക് തപസ്വിനി അമ്മയെ വിട്ടുകൊടുക്കരുതെന്ന ഉറച്ച നിലപാടിന്റെ പുറത്തായിരുന്നു ആ രചന

dot image

കൊച്ചി: മലയാള സാഹിത്യ രംഗത്തും സാംസ്‌കാരിക രംഗത്തും വലിയ വിടവ് നല്‍കി സാനു മാഷ് വിടവാങ്ങി. അവസാന ശ്വാസം വരെ സാഹിത്യത്തെ മുറുകെ പിടിച്ച എം കെ സാനു കേരള പൊതുമണ്ഡലത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന അനേകം അടയാളങ്ങള്‍ കുറിച്ചാണ് മടങ്ങുന്നത്. ഏറ്റവും ഒടുവില്‍ തന്റെ 98ാം വയസിലും ആ തൂലിക ചലിച്ചത് 'തപസ്വിനി അമ്മ'യെക്കുറിച്ചെഴുതാനായിരുന്നുവെന്നതും ശ്രദ്ധേയം. 'തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി ജീവിച്ച പുണ്യവതി' എന്ന പുസ്തകത്തില്‍ നവോത്ഥാന നായകര്‍ക്കൊപ്പം ഓര്‍മിക്കേണ്ട തപസ്വിനി അമ്മയെ അടയാളപ്പെടുത്തുകയായിരുന്നു.

മറവിയിലേക്ക് തപസ്വിനി അമ്മയെ വിട്ടുകൊടുക്കരുതെന്ന ഉറച്ച നിലപാടിന്റെ പുറത്തായിരുന്നു ആ രചനയെന്ന് നമുക്ക് പറയാന്‍ സാധിക്കും. നിരാലംബരായ സ്ത്രീകള്‍ക്ക് തണലായ തപസ്വിനി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതിന്റെ അഭിമാനത്തോടെയുള്ള ഓര്‍മകളാണ് എം കെ സാനു പുസ്തകത്തിലൂടെ പങ്കുവെച്ചത്. അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി തപസ്വിനി അമ്മ അബലസദന്‍ സ്ഥാപിക്കുകയും പിന്നീടത് എസ്എന്‍വി സദനമെന്ന സ്ഥാപനമായി മാറുകയുമായിരുന്നു. തപസ്വിനി അമ്മയെക്കുറിച്ച് ചരിത്രത്തിൽ അധികമൊന്നും അടയാളപ്പെടുത്തിയിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലായിരുന്നു പ്രായത്തെ വെറും നമ്പറിലൊതുക്കി എം കെ സാനു പുസ്തക രചനയിലേക്ക് കടന്നത്.

M K Sanu
എം കെ സാനു

സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, വാഗ്ഭടാന്ദന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച തപസ്വിനി അമ്മയുടെ അൻപതാം ചരമവര്‍ഷമായ ഇക്കൊല്ലം തന്നെ പുസ്തകം പൂര്‍ത്തിയാക്കുകയും അത് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുകയുമായിരുന്നു. കൊച്ചിയിലെത്തിയ ശേഷം തപസ്വിനി അമ്മയുമായി ചേര്‍ന്നുനില്‍ക്കാനായതിന്റെ സന്തോഷം പുസ്‌കത്തിലൂടെ എം കെ സാനു പ്രകടിപ്പിച്ചിരുന്നു. 'പഴയ പുസ്തകങ്ങള്‍ എടുത്തുമാറ്റി അലമാര വൃത്തിയാക്കുന്നതിനിടയിലാണ് തപസ്വിനി അമ്മയെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ നോട്ട് പുസ്തകം ലഭിച്ചത്. മക്കളായ രേഖയും ഗീതയും അത് എടുത്തുവച്ചു. അതാണ് ഈ പുസ്തകത്തിന്റെ രചനയ്ക്ക് പ്രയോജനപ്പെട്ടത്' എന്ന് എം കെ സാനു ആമുഖത്തില്‍ കുറിക്കുന്നുണ്ട്. ഇതിനെ ദൈവദത്തമായ സുഖമായി കരുതുന്നതായാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സാനു രേഖപ്പെടുത്തിയത്.

ഇന്ന് വൈകിട്ടോടെയായിരുന്നു എം കെ സാനുവിന്റെ വിയോഗം. വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നു. 1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

Content Highlights: M K Sanu last book about Tapaswini Amma

dot image
To advertise here,contact us
dot image