'ഇത് നിങ്ങൾ നൽകിയ സ്നേഹത്തിന്…'; ആരാധകർക്കായി വിക്ടറി പരേഡ് പ്രഖ്യാപിച്ച് ആർസിബി

'ഇത് ആരാധകരായ നിങ്ങൾക്ക് വേണ്ടിയാണ്. ഓരോ വർഷവും നിങ്ങൾ നൽകിയ ആരവങ്ങൾക്കും സംഘടങ്ങൾക്കും വേണ്ടിയാണ്'.

dot image

ഐപിഎൽ 2025 ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ആരാധകർക്കായി വിക്ടറി പരേഡ് നടത്തും. സമൂഹമാധ്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര്യം അറിയിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന വിജയയാത്ര കർണാടകയിലെ നിയമസഭാ ആസ്ഥാനമായ വിധാന സൗധ മുതൽ ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിക്ടറി പരേഡ് നടക്കുക.

'ആർസിബി ബെം​ഗളൂരുവിൽ വിക്ടറി പരേഡ് നടത്തുന്നു. ഇത് ആരാധകരായ നിങ്ങൾക്ക് വേണ്ടിയാണ്. ആരാധക സംഘത്തിന് വേണ്ടിയാണ്. ഓരോ വർഷവും നിങ്ങൾ നൽകിയ ആരവങ്ങൾക്കും സംഘടങ്ങൾക്കും വേണ്ടിയാണ്. ആത്മാർത്ഥ ഇപ്പോൾ രാജകീയമായിരിക്കുന്നു. ഇന്ന് നിങ്ങൾ വിജയകിരീടം അണിയൂ'. ആർസിബി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഐപിഎല്ലിന്റെ കിരീടപ്പോരിൽ ആവേശകരമായ മത്സരത്തിൽ ആറ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 43 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ആർസിബി നിരയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടിദാർ 16 പന്തിൽ 26 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിലെത്താനെ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളു. 30 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു. നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയാണ് ആർസിബി ബൗളിങ് നിരയിൽ തിളങ്ങിയത്.

Content Highlights: Royal Challengers Bengaluru (RCB) have announced a victory parade for their fans

dot image
To advertise here,contact us
dot image