
ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് പോരാട്ടം കടുപ്പിച്ച് റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡ്. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ മൂന്ന് വിക്കറ്റുകളാണ് ഹേസൽവുഡ് നേടിയത്. ഇതോടെ സീസണിൽ 11 മത്സരങ്ങൾ കളിച്ച ഹേസൽവുഡിന്റെ വിക്കറ്റ് നേട്ടം 21 ആയി. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹേസൽവുഡ്.
നിലവിൽ കൂടുതല്‍ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദാണ് മുന്നിലുള്ളത്. 14 മത്സരങ്ങളിൽ നിന്നായി നൂർ 24 വിക്കറ്റുകൾ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ പ്രസിദ്ധ് കൃഷ്ണ രണ്ടാം സ്ഥാനത്തുണ്ട്. 14 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കി കഴിഞ്ഞു.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഹേസൽവുഡിന് പിന്നിൽ നാലാമതുള്ളത് മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ്. 14 മത്സരങ്ങൾ കളിച്ച ബോൾട്ട് 19 വിക്കറ്റുകൾ സ്വന്തമാക്കി. പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപ് സിങ് 15 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകൾ വീഴ്ത്തി അഞ്ചാം സ്ഥാനത്തുമുണ്ട്.
Content Highlights: Josh Hazelwood now became third player in purple cap list