വിൻഡീസിനെതിരെ തകർത്തടിച്ചു; ഇംഗ്ലണ്ട് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ

ഒരു താരത്തിന്റെ പോലും സെഞ്ച്വറി നേട്ടമില്ലാതെ ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്

dot image

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെടുത്തു. ജാമീ സ്മിത്ത് 37, ബെൻ ഡക്കറ്റ് 60, ജോ റൂട്ട് 57, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 58, ജോസ് ബട്ലർ 37, ജേക്കബ് ബെഥൽ 82, വിൽ ജാക്സ് 39 എന്നിവരുടെ പ്രകടനമാണ് ഇം​ഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.

ഒരു താരത്തിന്റെ പോലും സെഞ്ച്വറി നേട്ടമില്ലാതെ ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2007ൽ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കൻ ടീം നേടിയ ആറിന് 392 റൺസായിരുന്നു ഇതുവരെ ഏകദിന ക്രിക്കറ്റിൽ ഒരു താരത്തിന്റെ പോലും സെഞ്ച്വറിയില്ലാതെ ഒരു ടീം നേടിയ ഉയർന്ന സ്കോർ. 18 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയുടെ റെക്കോർഡ് ഇം​ഗ്ലീഷ് ടീം തിരുത്തി എഴുതിയിരിക്കുകയാണ്.

വെസ്റ്റ് ഇൻഡീസിനെതിരെ ഇം​ഗ്ലണ്ട് ടീമിലെ ആദ്യ ഏഴ് താരങ്ങളും 30 റൺസിലധികം സ്കോർ ചെയ്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിലെ ആദ്യ ഏഴ് ബാറ്റർമാരും 30ലധികം റൺസ് നേടുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇത് ആറാം തവണയാണ് ഇം​ഗ്ലണ്ട് ടീം 400 റൺസെന്ന നേട്ടത്തിലെത്തുന്നത്. ഏറ്റവും കൂടുതൽ തവണ ഏകദിനത്തിൽ 400 റൺസെന്ന റെക്കോർഡിൽ ഇം​ഗ്ലണ്ടിന് മുന്നിലുള്ളത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ്. ഇന്ത്യ ഏഴ് തവണയും ദക്ഷിണാഫ്രിക്ക എട്ട് തവണയും ഈ നേട്ടം സ്വന്തമാക്കി.

മത്സരത്തിൽ 238 റൺസിന്റെ വിജയമാണ് ഇം​ഗ്ലണ്ട് സ്വന്തമാക്കിയത്. ഏക​ദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇം​ഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 242 റൺസിന്റെ വിജയമാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ റൺസ് അടിസ്ഥാനത്തിലുള്ള എക്കാലത്തെയും ഉയർന്ന വിജയം.

Content Highlights: England Cricket team registered big feats in the first ODI against WI

dot image
To advertise here,contact us
dot image