
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചരിത്ര നേട്ടത്തിനരികിൽ വിരാട് കോഹ്‍ലി. ഐപിഎൽ ചരിത്രത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകാൻ കോഹ്‍ലിക്ക് ഇനി 31 റൺസ് കൂടി മതി. നിലവിൽ പഞ്ചാബ് കിങ്സിനെതിരെ കൂടുതൽ റൺസ് നേടിയ താരം ഡേവിഡ് വാർണർ ആണ്. 26 മത്സരങ്ങളിൽ നിന്നായി 1,134 റൺസാണ് വാർണർ പഞ്ചാബിനെതിരെ നേടിയിരിക്കുന്നത്. 34 മത്സരങ്ങൾ പഞ്ചാബിനെതിരെ കളിച്ച കോഹ്‌ലി 1,104 റൺസ് നേടിയിട്ടുണ്ട്.
ഐപിഎൽ സീസണിൽ ആർസിബിക്കായി വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കോഹ്‍ലി. 13 മത്സരങ്ങളിൽ നിന്ന് 60.20 ശരാശരിയിലും 147.91 സ്ട്രൈക്ക് റേറ്റിലും 602 റൺസ് കോഹ്‍ലി നേടിയിട്ടുണ്ട്. പുറത്താകാതെ 73 റൺസാണ് ഉയർന്ന സ്കോർ.
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തിന് പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ആദ്യ ക്വാളിഫയർ വിജയിക്കുന്നവർ ഐപിഎൽ ഫൈനലിന് യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ വിജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം.
Content Highlights: Virat Kohli eyes David Warner's all-time record as RCB eye fourth final