
ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾക്ക് അവസാനമായി. ഇനി നിർണായക പ്ലേ ഓഫ് പോരാട്ടങ്ങൾ. ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ ഏറ്റുമുട്ടി. ആദ്യ ക്വാളിഫയറിന് യോഗ്യത നേടാൻ ആർസിബിക്ക് വിജയം അനിവാര്യമായിരുന്നു. സീസണിൽ നിന്ന് പുറത്തായ ലഖ്നൗവിന് ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ വിജയപരാജയങ്ങളുടെ പേരിലല്ല, ക്രിക്കറ്റിലെ സ്പോർട്സ്മാൻസ്പിരിറ്റിന്റെ പേരിലാണ് ഈ മത്സരം അറിയപ്പെടേണ്ടത്. ഈ സീസണിലെ ഏറ്റവും മികച്ച നിമിഷങ്ങൾ സംഭവിച്ച മത്സരം.
സീസണിൽ ആദ്യമായി റിഷഭ് പന്ത് ഫോമിലേക്കുയർന്ന മണിക്കൂറുകൾ. ഹൈറിസ്ക് ഷോട്ടുകൾ പരമാവധി ഒഴിവാക്കിയുള്ള ഇന്നിങ്സ്. ആരാധകർ ആഗ്രഹിച്ച റിഷഭ് പന്തിനെ കളത്തിൽ കണ്ടു. ബാറ്റിങ് വിസ്ഫോടനവുമായി റിഷഭ് സെഞ്ച്വറിയിലേക്ക് നീങ്ങി. ആ നേട്ടം പൂർത്തിയാക്കിയതും പന്തിന്റെ ബാക്ക്ഫ്ലിപ്പ് സെലിബ്രേഷൻ. നേർലൈനിലുള്ള കൈകാലുകൾകൊണ്ട് വായുവിൽ നടത്തുന്ന അഭ്യാസം. തലകീഴായി മറിയുന്ന ഒരു മനോഹര രംഗം. ഈ സീസണിലുണ്ടായ തിരിച്ചടികളിൽ നിന്ന് താൻ തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ആ നിമിഷം റിഷഭ് ഓർമിപ്പിച്ചു.
COLDEST IPL CENTURY CELEBRATION.
— Mufaddal Vohra (@mufaddal_vohra) May 27, 2025
- This is Rishabh Pant special. 😍❤️pic.twitter.com/0RWA1B2BYi
പന്തിന്റെ സെഞ്ച്വറി ബലത്തിൽ ലഖ്നൗ മികച്ച സ്കോർ ഉയർത്തി. പക്ഷേ ആർസിബി അനായാസം തിരിച്ചടിച്ചു. ഫിൽ സോൾട്ട്, വിരാട് കോഹ്‍ലി, മായങ്ക് അഗർവാൾ എന്നിവരുടെ നിർണായക സംഭാവനകൾ. എന്നാൽ മത്സരം ആർസിബിയുടെ വരുതിയിലാക്കിയത് ക്യാപ്റ്റൻ ജിതേഷ് ശർമയാണ്. പലതവണ വിക്കറ്റ് നഷ്ടത്തിൽ ജിതേഷ് കഷ്ടിച്ചു രക്ഷപെട്ടു. അതിലൊന്ന് 17-ാം ഓവറിലെ ആദ്യ പന്തിൽ.
ലഖ്നൗ സ്പിന്നർ ദിഗ്വേഷ് രാതി എറിഞ്ഞ പന്തിൽ ജിതേഷിന്റെ റിവേഴ്സ് സ്കൂപ്പ് പിഴച്ചു. ജിതേഷിന്റെ ഷോട്ട് ആയൂഷ് ബദോനിയുടെ കൈപ്പിടിയിലായി. ദിഗ്വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ ആരംഭിച്ചതാണ്. പാതിവഴിയിൽ ടീമിനെ കൈവിടേണ്ട വന്ന ജിതേഷ് നിരാശയിൽ ഗ്രൗണ്ടിൽ ഇരുന്നു. പക്ഷേ നോബോൾ സൈറൺ മുഴങ്ങി. തൊട്ടടുത്ത പന്തിൽ ദിഗ്വേഷിനെ നിലംതൊടാതെ ഗ്യാലറിയിലെത്തിച്ചാണ് ജിതേഷ് നിരാശ തീർത്തത്.
ഓവറിലെ അവസാന പന്തിൽ ജിതേഷിനെ പുറത്താക്കാൻ ദിഗ്വേഷിന്റെ മറ്റൊരു ശ്രമം. ഇത്തവണ മങ്കാദിങ് നടത്താനായി ദിഗ്വേഷ് ശ്രമിച്ചുനോക്കി. പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ജിതേഷിനെ മങ്കാദിങ് നിയമത്തിൽ ദിഗ്വേഷ് റൺഔട്ടാക്കി. പക്ഷേ ലഖ്നൗ നായകൻ റിഷഭ് പന്ത് ദിഗ്വേഷിന്റെ അപ്പീൽ പിൻവലിച്ചു. നോട്ടൗട്ടെന്ന് സ്ക്രീനിൽ തെളിഞ്ഞത് കണ്ട് ജിതേഷ് റിഷഭിനെ വാരിപുണർന്നു. കമന്ററി ബോക്സിൽ നിന്ന് പറഞ്ഞു. NOT OUT GIVEN IT. NOT OUT IT BECAUSE OF RISHABH. SAID NO. WE DONT WANT THIS WICKET. EVENTHOUGH HE WAS OUTSIDE THE CREASE. അപ്പിൽ നിലനിന്നിരുന്നെങ്കിലും ജിതേഷ് ഔട്ടാകില്ലെന്നത് മറ്റൊരു സത്യം. കാരണം ബൗളറുടെ ആക്ഷൻ ഏകദേശം പൂർത്തിയായിരുന്നു.
അധികം താമസിക്കാതെ ജിതേഷ് ആർസിബിയെ വിജയത്തിലെത്തിച്ചു. ആറാം നമ്പറിൽ ജിതേഷ് ക്രീസിലെത്തുമ്പോൾ ആർസിബിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 105 റൺസായിരുന്നു. അതിൽ 85 ഉം സംഭാവന ചെയ്തത് ജിതേഷിന്റെ ബാറ്റിങ്. ഡഗ്ഔട്ടിൽ വിരാട് കോഹ്‍ലിയുടെ വിജയാഘോഷം ഗ്യാലറിയിലെ ആരാധക സമൂഹത്തിന് തുല്യമായിരുന്നു. വിജയപരാജയങ്ങൾക്ക് അപ്പുറത്ത് ഇരുടീമുകൾക്കും ആഘോഷിക്കാം. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തിയതിന്.
Content Highlights: LSG-RCB clash filled with beautiful moments