മുംബൈ ഇന്ത്യന്‍സ് കലാശപ്പോരിന് എത്തില്ല; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിന്‍ ഉത്തപ്പ

പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഉത്തപ്പയുടെ പ്രവചനം. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്.

ഇവരില്‍ പഞ്ചാബ് ടോപ്പ് 2വില്‍ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. അവരുടെ എതിരാളികള്‍ ബെംഗളൂരുവോ ഗുജറാത്തോ ആയിരിക്കും. എന്നാല്‍ നാലാമതുള്ള മുംബൈ ടീം എലിമിനേറ്ററിലാണ് കളിക്കുക. ഐപിഎല്‍ പ്ലേ ഓഫ് സാഹചര്യങ്ങളെ കുറിച്ച് ജിയോസ്റ്റാറിനോടു സംസാരിക്കവെയാണ് അടുത്തയാഴ്ച നടക്കുന്ന കലാശപ്പോരിലെ ടീമുകളെ ഉത്തപ്പ പ്രവചിച്ചത്.

‘ഇത്തവണത്തെ ഐപിഎല്‍ ഫൈനലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിം​ഗ്സു‍മായിരിക്കും ഏറ്റുമുട്ടുകയെന്നാണ് എനിക്ക് തോന്നുന്നത്. സീസണിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഇത് പറഞ്ഞിട്ടുള്ളതാണ്. പഞ്ചാബും ബെംഗളൂരുവും തമ്മിലായിരിക്കും ഫൈനലെന്ന് ഞാന്‍ വിശ്വസിക്കുന്നു‘, ഉത്തപ്പ പറഞ്ഞു.

അര്‍ഷ്ദീപ് സിങ് ഈ സീസണില്‍ ഇനിയും തന്റെ യഥാര്‍ത്ഥ ഫോം പുറത്തെടുത്തിട്ടില്ല. അത് പഞ്ചാബിന് ശുഭസൂചനയാണ്. വരാനിരിക്കുന്ന നിര്‍ണായകമായ വലിയ മത്സരങ്ങളില്‍ ഗംഭീര പ്രകടനങ്ങള്‍ തന്നെ പുറത്തെടുക്കുമെന്നാണ് ഇതിന്റെ അര്‍ഥമെന്നും ഉത്തപ്പ വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ശരിയായ സമയത്ത് തന്നെ നിങ്ങള്‍ക്ക് നല്ലൊരു താളം ആവശ്യമാണ്. പ്ലേ ഓഫിലേക്ക് പോവുമ്പോള്‍ നല്ല ആവേശമുണ്ടായിരിക്കുകയും വേണം. ആര്‍സിബി നല്ല രീതിയില്‍ മത്സരങ്ങള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. 20 ഓവറുകളും കളിച്ച് മത്സരം വിജയിക്കുന്ന ചേസ് മാസ്റ്ററായി വിരാട് കോഹ്ലി മാറുകയും വേണം. അങ്ങനെ വന്നാൽ പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അത് എതിരാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Content Highlights: Robin Uthappa snubs MI, names RCB and this team as IPL 2025 finalists in bold prediction

dot image
To advertise here,contact us
dot image