
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് വീണ്ടും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ടീമിലെ മുഴുവൻ താരങ്ങൾക്കും ബിസിസിഐ പിഴ വിധിച്ചു. ടീം ക്യാപ്റ്റൻ റിഷഭ് പന്തിന് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ടീമിലെ മറ്റ് താരങ്ങൾക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി അടയ്ക്കണം. ഇതിൽ കുറഞ്ഞ തുകയാണ് പിഴയായി അടയ്ക്കേണ്ടത്.
ഐപിഎൽ സീസണിൽ ഇത് മൂന്നാംതവണയാണ് റിഷഭ് പന്തിന് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ബിസിസിഐ പിഴ വിധിക്കുന്നത്. മുമ്പ് ഏപ്രിൽ നാലിന് നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് പിന്നാലെയും റിഷഭ് ബിസിസിഐ നടപടി നേരിട്ടിരുന്നു. അന്ന് റിഷഭ് പന്തിന് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. സീസണിലെ ആദ്യ തവണ ആയതിനാൽ സഹതാരങ്ങൾക്ക് പിഴ വിധിച്ചിരുന്നില്ല. എന്നാൽ ഏപ്രിൽ 27ന് നടന്ന മുംബൈ ഇന്ത്യൻസ് - ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന് പിന്നാലെയും കുറഞ്ഞ ഓവർ നിരക്ക് തിരിച്ചടിയായി.
അന്ന് റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയും സഹതാരങ്ങൾക്ക് ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴ വിധിച്ചിരുന്നത്. മുമ്പ് ഒരു സീസണിൽ മൂന്ന് തവണ കുറഞ്ഞ ഓവർ നിരക്ക് ആവർത്തിച്ചാൽ ടീം ക്യാപ്റ്റന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കുമായിരുന്നു. എന്നാൽ ഈ ഐപിഎൽ സീസണിന് മുമ്പ് ആ നിയമം ബിസിസിഐ എടുത്തുകളഞ്ഞു.
Content Highlights: Rishabh Pant Reprimanded By BCCI For IPL Code Of Conduct Breach